അമേരിക്കയില്‍ തോക്ക് നിയന്ത്രണ നിയമം പ്രാബല്യത്തില്‍; ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ബൈഡന്‍

അമേരിക്കയില്‍ തോക്ക് നിയന്ത്രണ നിയമം പ്രാബല്യത്തില്‍; ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയുടെ മനസാക്ഷിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ച കുഞ്ഞുങ്ങളുടെ കൂട്ടക്കൊല നടന്ന് കൃത്യം ഒരു മാസം തികയുമ്പോള്‍ തോക്ക് നിയന്ത്രണ ബില്ലില്‍ ഒപ്പിട്ട് പ്രസിഡന്റ് ജോ ബൈഡന്‍. സെനറ്റും ജനപ്രതിനിധി സഭയും വോട്ടിനിട്ട് പാസാക്കിയ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവച്ചതോടെ തോക്ക് നിയന്ത്രണ ബില്‍ നിയമമായി മാറി.

'ദൈവം അനുവദിച്ചാല്‍ ഇത് ഒരുപാട് പേരുടെ ജീവനുകള്‍ രക്ഷിക്കും' എന്നാണ് ചരിത്രപരമായ നടപടിക്കു ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ ഹ്രസ്വമായ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞത്. അമേരിക്കയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നിയമനിര്‍മാണമാണിത്.

പുതിയ നിയമം അനുസരിച്ച്, തോക്ക് വാങ്ങുന്ന 18-നും 21-നും ഇടയില്‍ പ്രായമുള്ളവരുടെ കുട്ടിക്കാലം മുതലുള്ള ക്രിമിനല്‍, മാനസിക പശ്ചാത്തലം പരിശോധിക്കും. അപകടകാരികളായ ആളുകള്‍ക്ക് തോക്ക് വില്‍പന നടത്തരുതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുവരെ തോക്ക് വില്‍പന നടത്തുന്നതിന് ഇത്തരമൊരു പരിശോധനയോ നിയന്ത്രണമോ ഉണ്ടായിരുന്നില്ല. 18 വയസ് കഴിഞ്ഞ ആര്‍ക്കും തോക്ക് വാങ്ങാമെന്ന സ്ഥിതി ഉണ്ടായിരുന്നു. ഇനി മുതല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും.

ബാല്യത്തില്‍ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള രേഖകള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാലും ലഭ്യമാക്കണമെന്നും നിബന്ധനയുണ്ട്. ടെക്സാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിക്ക് ജുവനൈല്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നെങ്കിലും 18 വയസ് തികഞ്ഞതിനാല്‍ അതു ലഭ്യമായിരുന്നില്ല. പുതിയ നിയമപ്രകാരം, മുതിര്‍ന്നവരുടെ ദേശീയ ക്രിമിനല്‍ പശ്ചാത്തല പരിശോധനാ സംവിധാനത്തില്‍ ജുവനൈല്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടുത്തും. ഇതുകൂടാതെ വിദ്യാലയങ്ങളിലും മറ്റും കൂട്ടവെടിവയ്പ്പ് ഒഴിവാക്കാനുള്ള സുരക്ഷാ പദ്ധതികളും ബില്ലില്‍ മുന്നോട്ടു വയ്ക്കുന്നു.

ടെക്‌സാസിലെ ഒരു എലിമെന്ററി സ്‌കൂളിലും ന്യൂയോര്‍ക്കിലെ ബഫല്ലോയിലും നടന്ന കൂട്ടക്കുരുതികളാണ് ഭരണകൂടത്തിന്റെ കണ്ണുതുറപ്പിച്ചത്. ഇതോടെ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലായി. തോക്കിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ നിലകൊണ്ടതും കാര്യങ്ങള്‍ എളുപ്പത്തിലാക്കി. 33-നെതിരെ 65 വോട്ടുകള്‍ക്കാണ് യു.എസ് സെനറ്റില്‍ ബില്‍ പാസായത്. ജനപ്രതിനിധി സഭയില്‍ 193-ന് എതിരേ 234 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

അതേസമയം, ബില്ലിനെ എതിര്‍ത്ത് ദേശീയ റൈഫിള്‍ അസോസിയേഷനും യുഎസ് കോണ്‍ഗ്രസിലെ ഇരു പാര്‍ട്ടിയിലെയും നിരവധി അംഗങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ തോക്കനുകൂലികളുടെ എതിര്‍പ്പുകളെ മറികടന്ന് ബില്‍ നിയമമായതില്‍ വലിയ ആശ്വാസമാണ് രാജ്യത്തുടനീളമുള്ള മനുഷ്യ സ്‌നേഹികള്‍ പങ്കുവയ്ക്കുന്നത്. 

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും തോക്ക് ഉപയോഗത്തിനെതിരേ 30 വര്‍ഷത്തോളം അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വം തുടര്‍ന്ന മൗനം രാജ്യാന്തര തലത്തില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ മേയില്‍ ടെക്സാസിലെ എലിമെന്ററി സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടതാണ് തോക്ക് നിയന്ത്രണ നടപടികള്‍ക്ക് വേഗം കൂട്ടിയത്. പ്രതിക്ക് 18 വയസ് തികഞ്ഞ് വെറും ഒരാഴ്ച്ച കഴിഞ്ഞാണ് തോക്ക് വാങ്ങിയത്. ഇതിനു പിന്നാലെ ദിനം പ്രതിയെന്നോണം നടന്ന വെടിവയ്പ്പുകളിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. പല സംഭവങ്ങളിലും പ്രതികള്‍ കൗമാരക്കാരാണെന്നതും ഇവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ തോക്ക് ലഭിക്കുന്ന സാഹചര്യങ്ങളും ഭരണകൂടത്തിന് തലവേദനയായി മാറിയിരുന്നു.

വെടിവയ്പ്പുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യു.എസില്‍ വലിയ പ്രതിഷേധ പരിപാടികളും നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.