വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യം: കൂടുതല്‍ വ്യക്തത തേടി ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്

വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യം: കൂടുതല്‍ വ്യക്തത തേടി ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്

കൊച്ചി: വിദേശത്തുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവുമോയെന്ന നിയമ പ്രശ്നത്തില്‍ ഉത്തരംതേടി സിംഗിള്‍ബെഞ്ച് റഫര്‍ചെയ്ത ഹര്‍ജി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍സബെഞ്ച് ജൂലായ് 15 ലേക്ക് മാറ്റി.

പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ പോക്സോ കേസില്‍ പ്രതിയായ യുവതി കുവൈറ്റില്‍ നിന്നു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ നിന്ന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പ്രതിക്ക് നാട്ടിലെത്താന്‍ അറസ്റ്റ് വിലക്കി ഉത്തരവും, പിന്നീട് ഹര്‍ജിയില്‍ വാദം കേട്ട് മുന്‍കൂര്‍ജാമ്യവും നല്‍കിയിരുന്നു. ഈ വിധിയോട് വിയോജിച്ചാണ് കോയിപ്പുറം സ്റ്റേഷനിലെ പ്രതിയുടെ ഹര്‍ജി ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ഡിവിഷന്‍ ബെഞ്ചിന് വിട്ടത്.

ഇതേ വിഷയത്തില്‍ മറ്റൊരു ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചും ഡിവിഷന്‍ ബെഞ്ചിന് വിട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ കളമശേരി സ്വദേശി മുഹമ്മദ് അനീസിന്റെ ഹര്‍ജിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.