യുഎഇ: മറ്റൊരു പെരുനാൾ ആഘോഷങ്ങൾക്കായി രാജ്യവും ജനങ്ങളും തയ്യാറെടുക്കുന്നു. ഇതു തിരിച്ചുവരവിന്റെ നാളുകളാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ സധൈര്യം ചെറുത്തു വളർച്ചയുടേയും പുതുമകളുടേയും പാതയിൽ അതിവേഗം രാജ്യം കുതിച്ചുയരുകയാണ്.
തോൽക്കാൻ തയ്യാറാവാത്ത, ആലസ്യങ്ങൾ അലട്ടാതെ മുന്നേറുന്ന ഭരണാധികാരികളും ഒപ്പംനിൽക്കുന്ന ജനങ്ങളും. ഈ രാജ്യത്തിന്റെ ഉയർച്ചയെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകമുണ്ട്, മതസൗഹാർദ്ദമെന്ന മന്ത്രമാണത്. മനസ്സു മടുപ്പിച്ച കറുത്തദിനങ്ങൾക്കടന്നു പ്രശാന്തസുന്ദരദിനങ്ങളിലേക്കു പാദങ്ങൾ ചവിട്ടുമ്പോൾ രാജ്യവും ജനങ്ങളും വലിയ ആവേശത്തിലാണ്.
മനസ്സിനെ പിറകോട്ടടിക്കുന്ന ദുഷ്ചിന്തകളെ അതിജീവിച്ചു മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം സന്നിവേശിപ്പിക്കുന്ന നല്ല ദിനങ്ങൾ. ഈ പെരുനാളിന്റെ ആഘോഷങ്ങൾക്കുള്ള പ്രസക്തിയും അതുതന്നെയാണ്.
ജാതിയും മതവും വർഗ്ഗവും വർണ്ണവും രാജ്യവുമൊന്നും നോക്കാതെ എല്ലാവരും ഒരുമിച്ചാഘോഷിക്കുന്ന നന്മയുടെ രാവുകൾ.
മധുരം നൽകുന്നതിലും ഭക്ഷണം വിളമ്പുന്നതിലുമെല്ലാം എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നു എന്നതു മറ്റു രാജ്യങ്ങളിൽ നിന്നും യു എ ഇ യെ വ്യത്യസ്തമാക്കുന്നു. മാറ്റിനിർത്താതെ എല്ലാവരേയും ഉൾക്കൊള്ളുന്നതിൽ രാജ്യം കാട്ടിയ മികവ് ഭരണാധികാരികളുടെ ഹൃദയവിശാലതയുടെ വലിപ്പം വ്യക്തമാക്കുന്നതാണ്.
സ്നേഹത്തിന്റെ, സഹവർത്തിത്വത്തിന്റെ, ഒരുമയുടെ അഴകുള്ള ചിത്രമാണു രാജ്യം വരച്ചുവയ്ക്കുന്നത്. മതസൗഹാർദ്ദത്തിനും മാനവീകതക്കും രാജ്യം നൽകുന്ന പ്രാധാന്യമാണു ലോകരാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി ഈ രാജ്യത്തെ വളർത്തിയത്.
വിനോദസഞ്ചാരികളുടെ ഇഷ്ടരാജ്യമായും ആത്മസംതൃപ്തിയോടെ തൊഴിൽ ചെയ്യാവുന്ന ഇടമായും ഇതിനെ മാറ്റിയതു മതസൗഹാർദ്ദത്തിനു രാജ്യം നൽകുന്ന മുൻഗണനയാണ്. മലയാളികൾ എന്നും സ്വന്തം നാടിനൊപ്പം ഈ നാടിനേയും നെഞ്ചോടടുപ്പിച്ചു. മലയാളനാടിന്റെ മഹിമ ഉയർത്തുന്നതിൽ ഈ രാജ്യത്തിനുള്ള പങ്ക് വിസ്മരിക്കാനാവുന്നതല്ല.
സുരക്ഷയുടെ കാര്യത്തിലും രാജ്യം ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. സ്വാതന്ത്ര്യത്തോടെ ആർക്കും ഏതു സമയത്തും വിഹരിക്കാമെന്നതു ലോകരാഷ്ട്രങ്ങളെ ഇവിടേക്കാകർഷിച്ച പ്രധാനഘടകമാണ്. ഇവിടുത്തെ ഓരോ ആഘോഷങ്ങളും മാനവീകതയുടെ മധുരനാദം മീട്ടുന്നവയാണ്. രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെ മനസ്സിലാക്കി, ചേർത്തുവച്ച ദേശം.
സഹജീവികളെ ചൂഷണം ചെയ്യാതെ, താങ്ങായി മാറുന്ന നാട്. കഠിനാദ്ധ്വാനത്തോടൊപ്പം ഇതെല്ലാമാണീരാജ്യത്തിന്റെ കുതിപ്പിനു ആക്കം കൂട്ടുന്ന ഘടകങ്ങളെന്നു നിസ്തർക്കം നമുക്കു മനസ്സിലാക്കാം.
മനുഷ്യനെ തരംതിരിക്കാതെ, നന്മയുടേയും ആശയങ്ങളുടേയും കഴിവിന്റേയും മികവിന്റേയും അടിസ്ഥാനത്തിൽ അളക്കുന്ന നാട്.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും മറ്റു മതസ്തരും ഒപ്പം മതമില്ലാത്തവരും ഒരുമിച്ചിരുന്നു കഴിക്കുന്നതും ആഘോഷങ്ങളിൽ പങ്കുചേരുന്നതും ഉറങ്ങുന്നതും ഹൃദയം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. മതത്തേക്കാൾ മനുഷ്യനും, അവന്റെ നന്മകൾക്കും പ്രാധാന്യം കൽപ്പിക്കുന്ന രാജ്യം. മനുഷ്യനെ മാറ്റിനിർത്താതെ, ചേർത്തുപിടിച്ച നാട്.
പെറ്റമ്മയോളം സ്നേഹംതന്നു പോറ്റമ്മയായ നാട്. മതിലുകൾ മേയാതെ കഠിനാദ്ധ്വാനം ചെയ്യുന്നവർക്കും അർപ്പണബോധത്തോടെ പെരുമാറുന്നവർക്കും അവസരം മെനഞ്ഞ ദേശം. സുന്ദരസ്വപ്നങ്ങളുമായി ലോകത്തിന്റെ നെറുകയിലേക്കു രാജ്യം പറന്നുയരുമ്പോൾ ഇതു മതസൗഹാർദ്ദത്തിനു പ്രാധാന്യം നൽകിയ ഭരണാധികാരികളുടേയും അവരോടൊപ്പം നിന്ന ജനതയുടേയും വിജയമാണ്.
അസാധ്യങ്ങളെ സാധ്യമാക്കി, അതിവേഗം ബഹുദൂരം കുതിക്കുന്ന നാടിനു ആശംസകൾ നേരുന്നു. ഈ നാടിനെ നന്മകളുടെ പറുദീസയാക്കി മാറ്റിയ, ലോകജനതയുടെ പ്രിയനഗരമാക്കി തീർത്ത ഭരണാധികാരികൾക്കും ജനങ്ങൾക്കും പെരുനാളിന്റെ ആശംസകൾ സ്നേഹത്തോടെ നേരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.