മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും; ആദ്യ ദിനം വിധി പറയുന്നത് രണ്ട് സുപ്രധാന കേസുകളില്‍

മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും; ആദ്യ ദിനം വിധി പറയുന്നത് രണ്ട് സുപ്രധാന കേസുകളില്‍

ന്യൂഡല്‍ഹി: മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുന്നത്. കോടതി അലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും. പോര്‍ച്ചുഗലിന് ഇന്ത്യ നല്‍കിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വര്‍ഷത്തില്‍ കൂടുതലാകാന്‍ കഴിയില്ലെന്ന ബോംബെ സ്ഫോടന പരമ്പരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹര്‍ജിയിലും കോടതി ഇന്ന് വിധി പറയും.

കൂടാതെ സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമര്‍പ്പിച്ച ഹര്‍ജിയും കോടതിക്ക് മുന്നിലെത്തും. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വക മാറ്റിയതിന് വിജയ് മല്യ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് 2017 മെയ് മാസം കണ്ടെത്തിയിരുന്നു. ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

യു.കെയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഹാജരാക്കണമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പല തവണ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൈമാറ്റ നടപടികള്‍ ഇഴയുന്ന സാഹചര്യത്തില്‍ വിധി പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

അതേസമയം തന്നെ കൈമാറിയപ്പോള്‍ വധശിക്ഷയും 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയും നല്‍കില്ലെന്ന് ഇന്ത്യ പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന അധോലോക നേതാവ് അബു സലേമിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി പറയുന്നത്. 1993ലെ ബോംബെ സ്ഫോടന പരമ്പരക്കേസില്‍ മുംബൈയിലെ പ്രത്യേക ടാഡ കോടതി 2017ല്‍ അബു സലേമിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ സ്ഥിര ജാമ്യം അനുവദിക്കണമെന്ന തെലുങ്കു കവി വരവര റാവുവിന്റെ ആവശ്യം ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. തിമിര ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം നീട്ടിയെങ്കിലും സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി തയാറായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.