ചമ്പക്കുളം: ഈ വർഷത്തെ ചമ്പക്കുളം മൂലം വള്ളം കളിയിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി. ചമ്പക്കുളം മൂലം ജലോത്സവത്തിന് ആവേശത്തിൽ ആറാടിയായിരുന്നു ജനങ്ങൾ. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുൻപു തന്നെ കായിക പ്രേമികൾ സ്ഥാനം പിടിച്ചിരുന്നു. പമ്പയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് 3:15 ന് ആദ്യ ഹീറ്റ്സ് ആരംഭിച്ചു. കുഞ്ചപ്പൻ എം സി മുണ്ടയ്ക്കൽ ക്യാപ്റ്റൻ ആയുള്ള കേരള പോലീസ് ടീമിന്റെ ചമ്പക്കുളം ചുണ്ടനും, സുനിൽ ജോസഫ് വഞ്ചിക്കൽ ക്യാപ്റ്റനായ കുട്ടനാട് വാരിയേഴ്സ് ബോട്ട് ക്ലബ്ബിന്റെ വീയപുരം പുത്തൻചുണ്ടനും, പിആർ പത്മകുമാർ പുത്തൻ പറമ്പിൽ ക്യാപ്റ്റനായ കൈനകരി യുബിസി ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരിയുമാണ് ആദ്യ ഹീറ്റ്സിൽ മാറ്റുരച്ചത്.
രാജപ്രമുഖൻ ട്രോഫിയിൽ ചമ്പക്കുളം മുത്തമിട്ടപ്പോൾ വീയപുരം ലൂസേഴ്സ് ഫൈനലിലും ജവഹർ തേർഡ് ലൂസേഴ്സ് ഫൈനലിലും വിജയിച്ചു.
ഇരുകരകളിലും നിറഞ്ഞ വള്ളംകളി പ്രേമികളുടെ ഹൃദയമിടിപ്പ് നിലക്കുന്ന തരത്തിലുള്ള മത്സരത്തിൽ കഴിഞ്ഞ തവണ ചാമ്പ്യന്മാരായ നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്റെ ഹാട്രിക് മോഹം തകർത്താണ് ചമ്പക്കുളം ജേതാവായത്.
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി വള്ളംകളി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ട്രോഫികൾ സമ്മാനിച്ചു. ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ്, ജില്ലാ പോലീസ് മേധാവി ജി ജയദേവ്, മൂലം ജലോത്സവ സമിതി ചെയർമാനായ സബ് കളക്ടർ സൂരജ് ഷാജി, ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാദർ ഗ്രിഗറി ഓണംകുളം എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.