48 മണിക്കൂറിനിടെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് നാല് വിമാനങ്ങള്‍; വിവരങ്ങള്‍ പുറത്ത് വിട്ട് ഡിജിസിഎ

48 മണിക്കൂറിനിടെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് നാല് വിമാനങ്ങള്‍; വിവരങ്ങള്‍ പുറത്ത് വിട്ട് ഡിജിസിഎ

ന്യൂഡല്‍ഹി: 48 മണിക്കൂറിനിടെ നാല് വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്ന് ഡി ജി സി എ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെട്ടതും വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജി9 426 എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാറിലായത് മൂലം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംങ് നടത്തി. ഇന്നലെ ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം സമ്മര്‍ദ്ദ പ്രശ്‌നത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുണ്ടായി.

ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്‌ക്കറ്റില്‍ ഇറക്കിയത്. വെള്ളിയാഴ്ചയും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ഹൈഡ്രോളിക് തകരാര്‍ കാരണം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.

അതിനിടെ രാജ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ സ്‌പെസ്‌ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങള്‍ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി എത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വാദം കേള്‍ക്കും. സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡി ജി സി എ നേരത്തെ കമ്പനിയോട് വിശദീകരണം തേടിയിരുന്നു. സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതിലും വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്‌പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.

പതിനെട്ട് ദിവസത്തിനിടെ എട്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിസിഎ നടപടി തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കര്‍ശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.