തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച പത്തു ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിതീവ്രമഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുകയാണ്. വെള്ളിയാഴ്ചയോടെ മഴയ്ക്ക് ശക്തികുറയാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ മഴ മേഘങ്ങള്‍ കുറഞ്ഞെങ്കിലും രാത്രിയില്‍ മഴ ശക്തമാകാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് അഞ്ചോടെ മഴ കുറയും. പിന്നീട് മഴ കൊങ്കണ്‍ മേഖലയിലേക്ക് മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2018 ലേതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ നദികളില്‍ പ്രളയ മുന്നറിയിപ്പ്. മണിമലയാര്‍ രണ്ട് ഇടങ്ങളില്‍ അപകടനിലയ്ക്ക് മുകളില്‍ ഒഴുകുകയാണ്. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി.
മീനച്ചില്‍, തൊടുപുഴ, അച്ചന്‍കോവില്‍, കാളിയാര്‍ നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. കേരളം-ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെയും കര്‍ണാടക തീരത്ത് ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ജലസേചനവകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും 23 അണക്കെട്ടുകള്‍ തുറന്നു. എന്നാല്‍, വലിയ അണക്കെട്ടുകളില്‍ ആശങ്കാജനകമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
ഓഗസ്റ്റ് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
12 ജില്ലകളില്‍ അവധി
അതിതീവ്രമഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.