കടല്പ്പരപ്പിനേക്കാള് പാരമ്പര്യമുണ്ട് അവരുടെ ജീവിതത്തിന്... കടലോളങ്ങളേക്കാള്‍ വശ്യതയുണ്ട് അവരുടെ സംസ്‌കാരത്തിന്... കടലാഴങ്ങളേക്കാള്‍ സാഹസികതയുണ്ട് അവരുടെ തൊഴിലിന്... നിലനില്‍പ്പിനായുള്ള അവരുടെ പോരാട്ടം കണ്ടില്ലെന്ന് നടിക്കരുത്.
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വലിയൊരു ജന വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍... 'കേരളത്തിന്റെ സ്വന്തം സൈന്യം'. 2018 ലെ മഹാ പ്രളയത്തില്‍ നമ്മള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ രക്ഷകരായവര്‍... പെരുവെള്ളപ്പാച്ചിലിന്റെ കട്ടക്കലിപ്പില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പോലും നിശ്ചലമായപ്പോള്‍ ആശ്വാസത്തിന്റെ തോണിയിറക്കി നമ്മെ കര കയറ്റിയവര്‍... അങ്ങനെ ലോകത്തിന്റെ ആദരമേറ്റു വാങ്ങിയവര്‍.
നെഞ്ചില്‍ കത്തിയെരിയുന്ന നെരിപ്പോടുമായി ആ മത്സ്യത്തൊഴിലാളികള്‍ ഇന്ന് തെരുവിലാണ്. സ്വന്തം നിലനില്‍പ്പിനായുള്ള സമര ഭൂമികയിലാണ്. ഒരു ദിവസം കടലില്‍ പോയില്ലെങ്കില്‍ അന്ന് കുടുംബം പട്ടിണിയിലാകുന്ന ആ 'സൈനികര്‍' ഒന്നടങ്കം മുണ്ടു മുറുക്കിയുടുത്ത് സമരസംഗമ വേദികളിലുണ്ട്. അവര്‍ക്ക് വലിയ ആവശ്യങ്ങളില്ല. ജീവിക്കാന്‍ സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ സാഹചര്യമുണ്ടാകണം... അത്രമാത്രം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം പനത്തുറ മുതല്‍ വേളി വരെ കടല്‍ തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകളാണ് തകര്‍ന്നത്. ഇവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുക, വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തുക, തീരശോഷണം തടയാന്‍ നടപടിയെടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങള്‍.
കടലിനക്കരെ പോയി കാണാപ്പൊന്ന് കൊണ്ടു വരുന്നവരുടെ ഈ ജീവിതാവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 'ചന്ദനത്തോണിയേറിപ്പോണോരേ... നിങ്ങള്‍ പോയ് വരുമ്പോള്‍ എന്തു കൊണ്ടു വരും' എന്ന് നമ്മള്‍ അവരോട് ചോദിക്കുന്നതല്ലാതെ അവരുടെ ന്യായമായ ആവശ്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കാന്‍ ഇതുവരെ നമുക്കായിട്ടില്ല എന്നത് കുറ്റബോധത്തോടെ തന്നെ ഓര്‍ക്കണം.
ആ പാവം മനുഷ്യരുടെ വിയര്‍പ്പിന്റെ ഫലമാണ് നമ്മുടെ തീന്‍മേശകളെ സമ്പുഷ്ടമാക്കുന്നത്. സ്വാദിഷ്ടമായ കടല്‍ വിഭവങ്ങള്‍ കഴിച്ച് നീണ്ട ഏമ്പോക്കവും വിട്ട് എഴുന്നേറ്റു പോകുന്ന മലയാളി അതിനു പിന്നിലെ സാഹസികത നിറഞ്ഞ അധ്വാനത്തെപ്പറ്റി ചിന്തിക്കാറേയില്ല.
തിരഞ്ഞെടുപ്പാകുമ്പോള്‍ മാത്രം കള്ളച്ചിരിയും തൊഴുകൈകളുമായി കടലോരങ്ങളില്‍ എത്തുന്ന രാഷ്ട്രീയക്കാര്‍ അവരുടെ വറുതിയുടെ ദിനരാത്രങ്ങളില്‍ തിരിഞ്ഞു നോക്കാറേയില്ല. അവസാനം 'അള മുട്ടിയാല്‍ ചേരയും കടിയ്ക്കും' എന്നു പറഞ്ഞതു പോലെ കടലിന്റെ മക്കള്‍ക്ക് രണാങ്കണത്തില്‍ ഇറങ്ങേണ്ടി വന്നു.
സമരത്തെ ആദ്യമൊക്കെ നിസാരമായി കണ്ട ഭരണകൂടം സെക്രട്ടറിയേറ്റ് പടിക്കലും തുറമുഖ കവാടത്തും അടക്കം സമരാഗ്നി ആളിപ്പടര്‍ന്നതോടെ മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയ്യാറായി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഇന്നലെ സമര സമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിക്കുകയും ചില വാഗ്ദാനങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമുള്‍പ്പെടെ മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ എത്രത്തോളം പ്രാബല്യത്തില്‍ വരുമെന്ന് കണ്ടറിയുക തന്നെ വേണം. അതുകൊണ്ടു തന്നെയാണ് മന്ത്രിമാര്‍ ഇട്ട ചൂണ്ടയില്‍ ചാടി കൊത്താതെ മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നത്. തൊലിപ്പുറത്തെ ചികിത്സയല്ല അവരുടെ ആവശ്യം. സമ്പൂര്‍ണ പ്രശ്‌ന പരിഹാരമാണ്.
മത്സ്യത്തൊഴിലാളികളുടെ ഈ അതിജീവന സമരത്തിന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും മറ്റ് ക്രൈസ്തവ സഭാ നേതൃത്വങ്ങളും നല്‍കുന്ന കരുതല്‍ അഭിനന്ദനാര്‍ഹമാണ്. 'പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ഞാന്‍ എന്റെ താമസം അരമനയില്‍ നിന്നും മത്സ്യത്തൊഴിലാളികളുടെ സമര പന്തലിലേക്ക് മാറ്റും. അവരോടൊപ്പം താമസിക്കും. അവിടെക്കിടന്നുറങ്ങും' എന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ പ്രസ്താവന ശ്രദ്ധേയമാണ്.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പും എടുത്തു പറയേണ്ടതാണ്. മെത്രാന്‍മാരായ തങ്ങളുടെ ഉത്തരവാദിത്വം സഭയില്‍ ശുശ്രൂഷ ചെയ്യാനാണെന്നും സെക്രട്ടറിയേറ്റു പടിക്കല്‍ ധര്‍ണയിരിക്കാനല്ലെന്നും അതിനാല്‍ തങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
സഭാ വസ്ത്രമണിഞ്ഞ വൈദികര്‍ സമരാവേശത്താല്‍ ജ്വലിച്ച് പുലിമുട്ടുകള്‍ക്കു മുകളില്‍ കയറി കൊടി കെട്ടുന്നതും ഈ സമരം സമ്മാനിച്ച പുതുമയുള്ള കാഴ്ചയായി. ഇത്തരത്തില്‍ ശബ്ദമില്ലാത്ത വലിയൊരു ജന വിഭാഗത്തിന്റെ ശബ്ദമായി മാറാന്‍ സഭാ നേതൃത്വത്തിനും വൈദികര്‍ക്കും കഴിഞ്ഞത് തികച്ചും മാതൃകാപരമാണ്.
വൈദികര്‍ സമരം ചെയ്യുകയും കൊടി നാട്ടുകയും ചെയ്യേണ്ടത് സഭയ്ക്കുള്ളിലെ ചെറിയ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിക്കാനല്ല, ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാനാണെന്ന സന്ദേശവും ഈ സമരം നല്‍കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.