ലോകത്തിലെ ഏറ്റവും വലിയ കടല്‍ തുരങ്ക പാതയില്‍ ട്രെയിന്‍ പണിമുടക്കി; മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാര്‍

ലോകത്തിലെ ഏറ്റവും വലിയ കടല്‍ തുരങ്ക പാതയില്‍ ട്രെയിന്‍ പണിമുടക്കി; മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാര്‍

കാലായിസ് (പാരീസ്): ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും തമ്മില്‍ ഭൂഗര്‍ഭ മാര്‍ഗം ബന്ധിപ്പിക്കുന്ന യൂറോടണലില്‍ ട്രെയിന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. കടുത്ത ചൂടിലും ഭീതിയിലും ട്രെയിനിനുള്ളില്‍ മണിക്കൂറുകള്‍ കഴിയേണ്ടിവന്ന യാത്രക്കാരെ അധികൃതര്‍ പിന്നീട് സര്‍വീസ് തുരങ്കംവഴി കിലോമീറ്ററോളം കാല്‍നടയായി നടത്തി മറ്റൊരു ട്രെയിനില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഫ്രഞ്ച് നഗരമായ കാലായിസിനെ ബ്രിട്ടീഷ് പട്ടണമായ ഫോക്ക്സ്റ്റോണുമായി ബന്ധിപ്പിക്കുന്ന ടണലിലാണ് യാത്രക്കാരെ വലച്ച സംഭവം ഉണ്ടായത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:50 ന് കാലായിസില്‍ നിന്ന് യാത്ര ആരംഭിച്ച ട്രെയിനാണ് തകരാറിലായത്. തങ്ങളുടെ കാറുകളുമായി നാനൂറോളം യാത്രക്കാര്‍ ഈ സമയം ട്രെയിനിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ട്രെയിന്‍ നിശ്ചലമായതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് സൂചനയായി സൈറന്‍ മുഴങ്ങി. ഈ സമയം കടലിനടിയിലെ ടണലില്‍ ആയിരുന്നു ട്രെയിന്‍. കാരണമറിയാതെ യാത്രക്കാര്‍ പരിഭ്രാന്തരായി.

രണ്ട് മണിക്കൂറിന് ശേഷം ട്രെയിന്‍ അല്പം മൂന്നോട്ട് നീങ്ങിയെങ്കിലും പെട്ടന്നു തന്നെ വീണ്ടും നിശ്ചലമായി. വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ട ട്രെയിനുള്ളില്‍ ഇരുട്ടും കടുത്ത ചൂടും അനുഭവപ്പെട്ടു. പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. യാത്രക്കാരിയായ ഒരു സ്ത്രീക്ക് പാനിക്ക് അറ്റക്ക് സംഭവിച്ചു. ഉടനെ തന്നെ വൈദ്യസഹായത്തിനായി യാത്രക്കാര്‍ക്കിടയില്‍ ഡോക്ടര്‍ ഉണ്ടോ എന്ന അനൗണ്‍സ്‌മെന്റും ട്രെയിനിനുള്ളില്‍ മുഴങ്ങി.

യാത്ര ആരംഭിച്ച് നാല് മണിക്കൂറുകള്‍ക്ക് ശേഷം തകരാര്‍ പരിഹരിക്കാനാകില്ലെന്ന് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കി സര്‍വീസ് ടണലിലൂടെ ഏറെ ദൂരം നടത്തിച്ച ശേഷം മറ്റൊരു ട്രെയിനില്‍ ഫോക്ക്സ്റ്റോണില്‍ എത്തിച്ചു. അവിടെ യാത്രക്കാര്‍ക്കായി സൗജന്യ ഭക്ഷണവും വിശ്രമസൗകര്യങ്ങളും കമ്പനി അധികൃതര്‍ ഒരുക്കിയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ വാഹനങ്ങള്‍ എത്തിച്ചുകൊടുക്കും വരെ യാത്രക്കാര്‍ ടെര്‍മിനലില്‍ കഴിയേണ്ടി വന്നു.

ടണലിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തെ അപ്പാടെ സംഭവം ബാധിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെവരെ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നു എന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ എല്ലാത്തിനും ഉപരിയായി പരിഗണന നല്‍കുന്നതെന്നും ട്രെയിന്‍ കമ്പനി വക്താവ് പറഞ്ഞു.

ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ഇടയിലുള്ള 50 കിലോമീറ്ററാണ് യൂറോടണലിന്റെ നീളം. ഇതില്‍ 38 കിലോമീറ്ററും കടന്നുപോകുന്നത് ഇംഗ്ലീഷ് ചാനല്‍ കടലിടുക്കിലൂടെയാണ്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍ തുരങ്കപാതകൂടയാണ് ഇത്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വേഗത്തില്‍ സഞ്ചരിക്കാനായി 1994 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ് യൂറോടണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.