'ഇതൊരു ഒന്നൊന്നര പാര്‍ക്കിങ് ആണ്'; മൂന്ന് സെക്കന്റില്‍ ഗിന്നസ് റെക്കോഡ് നേടി ബ്രിട്ടീഷ് വംശജനായ പോള്‍ സ്വിഫ്റ്റ് (വീഡിയോ)

 'ഇതൊരു ഒന്നൊന്നര  പാര്‍ക്കിങ് ആണ്'; മൂന്ന് സെക്കന്റില്‍ ഗിന്നസ് റെക്കോഡ് നേടി ബ്രിട്ടീഷ് വംശജനായ പോള്‍ സ്വിഫ്റ്റ് (വീഡിയോ)

ലണ്ടന്‍: പലര്‍ക്കും ഡ്രൈവിങിനേക്കാള്‍ ക്ലേശകരമായ പരിപാടിയാണ് പാര്‍ക്കിങ്. തിരക്കുള്ള സ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലുമെല്ലാം വാഹനത്തിന് പരിക്കു പറ്റാതെ പാര്‍ക്ക് ചെയ്യുക എന്നത് അല്‍പം സാഹസികമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലേയും ഷോപ്പിങ് മാളുകളിലും മറ്റും വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യുന്നതില്‍ മത്സരങ്ങള്‍ നടക്കാറുണ്ട്.

ഏറ്റവും കുറഞ്ഞ അകലത്തില്‍ മിനിയുടെ ഇലക്ട്രിക് കാര്‍ പാര്‍ക്ക് ചെയ്ത് ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് വംശജനായ പോള്‍ സ്വിഫ്റ്റ്. ഇലക്ട്രിക് കാര്‍ പാരലല്‍ പാര്‍ക്ക് എന്ന പേരില്‍ റെക്കോഡ് സ്വന്തമാക്കിയ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ പാര്‍ക്ക് ചെയ്യുന്നത് പോലെ പല തവണ മുന്നിലേക്കും പിന്നിലേക്കുമെടുത്ത് വാഹനം തിരിക്കുന്ന സംവിധാനമല്ല ഗിന്നസ് വേള്‍ഡ് റെക്കോഡ് മത്സരത്തിലുള്ളത്. വേഗത്തില്‍ ഓടിച്ച് വന്ന് ഒരൊറ്റ ബ്രേക്കിങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് കാറുകളുടെ മധ്യത്തില്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതാണ് രീതി. ഇതിനുമുണ്ട് സമയപരിധി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം വെറും മൂന്ന് സെക്കന്റില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിരിക്കുന്ന വരിയില്‍ നിന്ന് മാറാതെ വേണം പാര്‍ക്ക് ചെയ്യുന്ന വാഹനവും നിര്‍ത്താന്‍. ഇതും കൃത്യമായിരിക്കണം. രണ്ട് കാറുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ അകലത്തില്‍ പാര്‍ക്ക് ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇതിന് അസാമാന്യ വൈദഗ്ധ്യം വേണമെന്നും ഗിന്നസ് വേള്‍ഡ് റെക്കോഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബ്രിട്ടീഷ് കാര്‍ ഷോയുടെ ഭാഗമായാണ് പോള്‍ സ്വിഫ്റ്റിനെ ഗിന്നസ് റെക്കോഡിന് അര്‍ഹനാക്കിയ പരീക്ഷണം നടന്നത്. ആദ്യ ദിനം മത്സരത്തിനിറങ്ങിയെങ്കിലും 35 സെന്റിമീറ്റര്‍ അകലത്തിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. ഇതില്‍ തൃപ്തനാകാത്ത പോള്‍ വീണ്ടും നാലാം നാള്‍ പരീക്ഷണത്തിന് ഇറങ്ങുകയും മറ്റ് രണ്ട് കാറുകളുമായി 30 സെന്റി മീറ്റര്‍ അകലത്തില്‍ പാര്‍ക്ക് ചെയ്ത് ഹീറോ ആവുകയുമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.