നിയമസഭ കയ്യാങ്കളിക്കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍, ഇ.പി ജയരാജന്‍ ഹാജരായില്ല; 26 ന് വീണ്ടും പരിഗണിക്കും

നിയമസഭ കയ്യാങ്കളിക്കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍, ഇ.പി ജയരാജന്‍ ഹാജരായില്ല; 26 ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള അഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജരായി. ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഹാജരായില്ല. പ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു.

തുടര്‍ന്ന് കേസ് ഈ മാസം 26 ലേക്ക് മാറ്റിവെച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂരില്‍ വിശ്രമത്തിലാണെന്നും അതിനാല്‍ ഹാജരാകാനാകില്ലെന്നും ഇ.പി ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.

ഈ മാസം 26 ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് കോടതി ഇ.പി ജയരാജനോട് ആവശ്യപ്പെട്ടു. അന്വേഷണ സംഘം ഹാജരാക്കിയ തെളിവായ സി.ഡി പ്രതി ഭാഗത്തിനും കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

മന്ത്രി വി.ശിവന്‍കുട്ടി, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എംഎല്‍എ, കെ.അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞു മുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.

അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന പൊതു മുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശ നഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് 13 ന് ബാര്‍ കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷമായ ഇടതു മുന്നണി തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിനിടെ പ്രതികള്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു.

കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. 2015 ലെ ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ വേദിയും മൈക്കും കമ്പ്യൂട്ടറുമെല്ലാം തകര്‍ത്ത പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍പ്പോലും വന്‍ ചര്‍ച്ചയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.