ബെംഗളൂരു: കര്‍ണാടകയിലെ മതംമാറ്റ നിരോധന നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസും. നിയമത്തിനെതിരെ കര്‍ണാടക പി.സി.സി ലീഗല്‍ സെല്‍ ഹൈകോടതിയെ സമീപിക്കുമെന്ന് മുന്‍മന്ത്രിയും പാര്‍ട്ടി വക്താവുമായ പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണിത്. ഇത് ജനാധിപത്യവിരുദ്ധമണെന്നും ബില്ലിന് നിയമസാധുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത്, യു.പി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നേരത്തേ സമാനമായ ബില്‍ നിയമസഭ പാസാക്കിയിരുന്നുവെങ്കിലും ഹൈകോടതിയും സുപ്രീം കോടതിയും സ്റ്റേ ചെയ്യുകയായിരുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന നിയമത്തെ അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ നിയമസഭയില്‍ പാസാക്കിയ മതംമാറ്റ നിരോധന ബില്‍ കഴിഞ്ഞ ദിവസമാണ് നിയമനിര്‍മാണ കൗണ്‍സിലും പാസാക്കിയത്.
ബില്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ സംഘടനകളും അറിയിച്ചിരുന്നു. നിയമം കര്‍ണാടകയിലെ എല്ലാ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച് ഡയോസിസ് പി.ആര്‍.ഒയും വക്താവുമായ ജെ.എ. കാന്ത്രാജ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ സമുദായം ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങള്‍ കണക്കിലെടുക്കാതെ അവരെ ചതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക മേഖല കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ അധ്യക്ഷനും ബെംഗളൂരു ആര്‍ച്ച് ബിഷപ്പുമായ പീറ്റര്‍ മച്ചാഡോയും പറഞ്ഞിരുന്നു. ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകള്‍ നടത്തും. കര്‍ണാടകയിലെ എല്ലാ ബിഷപ്പുമാരും ക്രിസ്ത്യന്‍ നേതാക്കളും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.