വാഷിങ്ടൺ: നൈജീരിയയെ ലോകത്തിലെ ഏറ്റവും കുറവ് മതസ്വാതന്ത്യം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയർന്നത്.
നൈജീരിയയിലെ സ്ഥിതിഗതികൾ അന്വേഷിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും പ്രത്യേക പ്രതിനിധിയെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സെപ്റ്റംബർ 19 നാണ് എഡിഎഫ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 68 മതസ്വാതന്ത്ര്യ എൻജിഒകളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് ആന്റണി ബ്ലിങ്കന് കത്ത് അയച്ചത്.
നൈജീരിയൻ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ശത്രുതാപരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ സ്ഥിതിവിവരക്കണക്കുകളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2020ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ നൈജീരിയയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം (CPC) ആയി ഉൾപ്പെടുത്തിയിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ആണ് ഈ പട്ടികയിൽപ്പെടുത്തുന്നത്.
ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും 2021 നവംബറിൽ നൈജീരിയയെ സിപിസി പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. വിശദീകരണങ്ങൾ ഒന്നും നല്കാതെയായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടി. സിപിസി പദവി നീക്കം ചെയ്യുന്ന നടപടി ഞെട്ടിക്കുന്നത് എന്നാണ് അന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം വീക്ഷിച്ചത്.
സിപിസി പദവി നീക്കം ചെയ്തതോടെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പൊതുവായ അക്രമണങ്ങളും വർദ്ധിച്ചതായി മനുഷ്യാവകാശ പ്രവർത്തകർ ബ്ലിങ്കന് അയച്ച കത്തിൽ പറയുന്നു. 2021ൽ മാത്രം ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് നൈജീരിയയിൽ 4,650 ഓളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ക്രിസ്ത്യൻ സംഘടനയായ ഓപ്പൺ ഡോർസ് കണ്ടെത്തിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കി.
2022 ന്റെ ആദ്യ പകുതിയിൽ ജിഹാദുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 2,543 ഓളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഇതോടെ നൈജീരിയ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ പാസാക്കിയിരുന്നു. ഈ നിയമം അക്രമിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഓൻഡോ സംസ്ഥാനത്തുള്ള ഒവോയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന് നേരെ പെന്തക്കുസ്താ ഞായറാഴ്‌ച ഉണ്ടായ ഭീകരാക്രമണം നൈജീരിയയിലെ കത്തോലിക്കാ വിശ്വാസികൾ നേരിടുന്ന വെല്ലുവിളികളെ ലോകശ്രദ്ധയിലെത്തിച്ചു. 40 പേരുടെ മരണത്തിനാണ് ഈ ഭീകരാക്രമണം ഇടയാക്കിയത്.
സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് സ്ഥിതിചെയ്യുന്ന ഓൻഡോ രൂപതയുടെ മേൽനോട്ടം വഹിക്കുന്ന ബിഷപ്പ് ജൂഡ് അരോഗുണ്ടഡെയും നിരവധി നൈജീരിയൻ മത-പൗര നേതാക്കളും സിപിസി പദവി നീക്കം ചെയ്ത നടപടിയെ പരസ്യമായി വിമർശിച്ചു. ഒപ്പം രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പ്രതിനിധിയെ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും കത്തിൽ സൂചിപ്പിച്ചു.
കൂടാതെ നൈജീരിയയിൽ മതസ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നതിന് കാരണമായ ക്രിമിനൽ മതനിന്ദ നിയമങ്ങളിലേക്കും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സർക്കാർ നടപടികളിലേക്കും കത്ത് ശ്രദ്ധ ക്ഷണിച്ചു. തീവ്രവാദം നിയന്ത്രിക്കാനുള്ള നൈജീരിയൻ ഗവൺമെന്റിന്റെ കഴിവും സന്നദ്ധതയും അങ്ങേയറ്റം സംശയാസ്പദമാണെന്നും കത്തിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.