ടലഹാസി (ഫ്‌ളോറിഡ): ക്യൂബയില്‍ നാശം വിതച്ച ഇയാന്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് അടുക്കുന്നു. കാറ്റഗറി മൂന്നിലേക്ക് ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് വീശുന്നത്. രണ്ടര ദശലക്ഷത്തിലധികം ആളുകളോടാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
ചൊവ്വാഴ്ച വൈകിട്ടുതന്നെ ഫ്‌ളോറിഡുടെ തീരദേശങ്ങളില്‍ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുതുടങ്ങി. മഴയും ശക്തമായ കാറ്റുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലെ നോര്‍ത്ത് പെറി എയര്‍പോര്‍ട്ടില്‍ വീശിയ ചുഴലിക്കാറ്റിനെതുടര്‍ന്ന് നിരവധി വിമാനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായെന്ന് മേയര്‍ മൈക്കല്‍ ഉഡിന്‍ ട്വിറ്ററില്‍ അറിയിച്ചു.
ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഫ്ളോറിഡയില്‍ ഉടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റിനെ നേരിടാന്‍ തയാറെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ചുഴലിക്കാറ്റ് 24 മണിക്കൂറിനകം ഫ്‌ളോറിഡില്‍ കരതൊടുമെന്നാണ് മുന്നറിയിപ്പുള്ളത്. സര്‍വകലാശാലകള്‍ അടച്ചു. ഡിസ്‌നി വേള്‍ഡും യൂണിവേഴ്‌സല്‍ ഒര്‍ലാന്‍ഡോ തീം പാര്‍ക്കുകളും പ്രവര്‍ത്തനം നിര്‍ത്തി.
ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ചുഴലിക്കാറ്റ് കാറ്റഗറി 4 വരെ ശക്തി ആര്‍ജിക്കും എന്നാണു പ്രവചനം. 20 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ടാമ്പയ്ക്കും ഫോര്‍ട്ട് മിയേഴ്സിനും ഇടയ്ക്ക് കാറ്റ് കരതൊടുമെന്നാണ് കണക്കാക്കുന്നത്. കനത്ത കാറ്റും മഴയും വെള്ളപ്പൊക്കവും കടല്‍ ക്ഷോഭവുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീരപ്രദേശങ്ങളില്‍ 8 മുതല്‍ 12 അടി വരെ തിരമാലകള്‍ ഉയരുമെന്നു മുന്നറിയിപ്പുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ ടാമ്പ ഏരിയയിലെ വിമാനത്താവളങ്ങള്‍ അടച്ചു. നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി.
ക്യൂബയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെതുടര്‍ന്ന് രാജ്യത്തുടനീളം വൈദ്യുതി വിതരണം തടസപ്പെട്ടു. പുകയില കൃഷിക്ക് പേരുകേട്ട പിനാര്‍ ഡെല്‍ റിയോ പ്രോവിന്‍സില്‍ കനത്ത നാശനഷ്ടമാണ് കാറ്റ് വരുത്തിയത്. കൃഷിയിടങ്ങളെല്ലാം പ്രളയ ജലത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. മരങ്ങള്‍ വലിയതോതില്‍ കടപുഴകി. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലാണ്. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.