ഫ്‌ളോറിഡയെ വിറപ്പിച്ച് ഇയാന്‍ കൊടുങ്കാറ്റ്; വന്‍ നാശം; റിപ്പോര്‍ട്ടിങ്ങിനിടെ നിലതെറ്റി മാധ്യമപ്രവര്‍ത്തകന്‍: വീഡിയോ

ഫ്‌ളോറിഡയെ വിറപ്പിച്ച് ഇയാന്‍ കൊടുങ്കാറ്റ്; വന്‍ നാശം; റിപ്പോര്‍ട്ടിങ്ങിനിടെ നിലതെറ്റി മാധ്യമപ്രവര്‍ത്തകന്‍: വീഡിയോ

ടലഹാസി: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ വിറപ്പിച്ച് ഇയാന്‍ കൊടുങ്കാറ്റ്. ബുധനാഴ്ച ഫ്ലോറിഡ തീരങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. അതിശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി. അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയത്. വീശിയടിച്ച കാറ്റില്‍ കാറുകള്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.


മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനെ ശക്തമായ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. 1.8 ദശലക്ഷം ആളുകളെയാണ് ഇത് ബാധിച്ചത്. മൂന്ന് കൗണ്ടികളിലെ മിക്കവാറും എല്ലാ വീടുകളും ബിസിനസ് സ്ഥാപനങ്ങളും വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്നുവെന്ന് സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടുങ്കാറ്റില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊട്ടിത്തെറിക്കുകയും പ്രദേശമാകെ തീപ്പൊരി കൊണ്ടു മൂടുകയും ചെയ്തു. കൊടുങ്കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കാറ്റില്‍പെട്ട റിപ്പോര്‍ട്ടര്‍ പിടിച്ചുനില്‍ക്കാനാകാതെ നീങ്ങി നീങ്ങി പോകുന്ന ദൃശ്യങ്ങളും റോഡിലൂടെ സ്രാവുകള്‍ നീന്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

നിലവില്‍ മധ്യ ഫ്ലോറിഡയില്‍ക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് ഇപ്പോള്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും അനുബന്ധമായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

ബുധന്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.05നാണ് ഫ്ലോറിഡയിലെ ഫോര്‍ട്ട് മേയേഴ്‌സിന് പടിഞ്ഞാറുള്ള കയോ കോസ്റ്റ എന്ന ദ്വീപിനു സമീപം ഇയാന്‍ കരയില്‍ത്തൊട്ടത്. പിന്നീട് ഫ്ലോറിഡയുടെ വന്‍കരയിലേക്ക് കൊടുങ്കാറ്റ് നീങ്ങി. 145 കി.മീ ആയിരുന്നു ആ സമയത്ത് കാറ്റിന്റെ വേഗത. ചില മേഖലകളില്‍ 12 അടിക്കു മുകളില്‍ കടല്‍വെള്ളം കയറി. തീരത്തെ വീടുകളിലേക്കും തിരമാലകള്‍ അടിച്ചുകയറി.


പോര്‍ട്ട് ഷാര്‍ലെറ്റിലെ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മേല്‍ക്കൂര കാറ്റ് കൊണ്ടുപോയി. 160 രോഗികള്‍ ഇവിടെ ഉണ്ടായിരുന്ന സമയത്തായിരുന്നു കാറ്റ് വീശിയത്. കാറ്റിനൊപ്പം മഴയുമെത്തിയതോടെ ഐസിയുവില്‍ വെള്ളം നിറഞ്ഞു. മറ്റു നിലകളിലേക്കും ഈ വെള്ളം പടര്‍ന്നു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയാണ്.

ജാക്‌സണ്‍വില്ലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വ്യാഴാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി. ഓര്‍ലാന്‍ഡോ, റ്റാംപ തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിലെ പല സര്‍വീസുകളും റദ്ദാക്കിയിരുന്നു.


ഫ്‌ളോറിഡയില്‍ വീശിയടിക്കുന്ന ഇയാന്‍ കൊടുങ്കാറ്റിന്റെ ദൃശ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നു പകര്‍ത്തിയപ്പോള്‍.

കൊടുങ്കാറ്റില്‍ തകര്‍ന്ന ഫ്ലോറിഡയെ പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഫ്ലോറിഡയിലെത്തുന്നതിനു മുന്‍പ് ക്യൂബയിലാണ് ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ചത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. കൊടുങ്കാറ്റ്  തീരത്തോട് അടുക്കുന്നതിനിടെ ഫ്ലോറിഡ തീരത്ത് ബോട്ട് മുങ്ങി 20 ക്യൂബന്‍ കുടിയേറ്റക്കാരെ കാണാതായതായി യു.എസ് അതിര്‍ത്തി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.