അവസാനം ഗവര്‍ണര്‍ക്ക് വഴങ്ങി കേരള വിസി; സെനറ്റ് യോഗം ഉടന്‍ വിളിക്കും

അവസാനം ഗവര്‍ണര്‍ക്ക് വഴങ്ങി കേരള വിസി; സെനറ്റ് യോഗം ഉടന്‍ വിളിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങിയിരിക്കുകയാണ് വി.സി ഡോ. വി.പി മഹാദേവന്‍ പിള്ള. വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.

സെനറ്റ് പേരു നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേര്‍ക്കാന്‍ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു നടപടി. വിസി നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്ന് വിസി കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ നടപടി പിന്‍വലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്ന് വിസി വിശദീകരിക്കുകയും ചെയ്തു.

സര്‍വകലാശാലയുടെ നിലപാടില്‍ മാറ്റമില്ലെന്നു സിന്‍ഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ.വി.പി.മഹാദേവന്‍ പിള്ള ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. സേര്‍ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാല്‍ ഗവര്‍ണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവന്‍ മറുപടിയും നല്‍കി.

ഒക്ടോബര്‍ 24ന് വിസി വിരമിക്കുന്നതിനാല്‍ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സേര്‍ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിര്‍ദേശിക്കാന്‍ ജൂണ്‍ 13ന് കേരള വിസിയോടും യുജിസി ചെയര്‍മാനോടും ആവശ്യപ്പെട്ടിരുന്നു. യുജിസി ചെയര്‍മാന്‍ ജൂലൈയില്‍ പ്രതിനിധിയുടെ പേര് അറിയിച്ചു. സര്‍വകലാശാല ജൂലൈ 15ന് പ്രത്യേക സെനറ്റ് യോഗം ചേര്‍ന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ പ്രതിനിധിയായി തിരഞ്ഞെടുത്തു. എന്നാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു.

പകരക്കാരനെ നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍വകലാശാല തയാറായില്ല. ഇതോടെ, സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.