ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് ദുബായില്‍ നടക്കും.
ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.
തൃശൂര്‍ മുല്ലശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടര്‍ന്നു പന്തലിച്ച രാമചന്ദ്രന്‍ ഗള്‍ഫിലെ പ്രമുഖ മലയാളികളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നു. 'ജനകോടികളുടെ വിശ്വസ്തസ്ഥാപനം ' എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം മലയാളിയുടെ മനസില്‍ ഇടംനേടി.
ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലും നിക്ഷേപം നടത്തി. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരില്‍ 2015ല്‍ ദുബായില്‍ തടവിലായ അദ്ദേഹം 2018 ജൂണിലാണ് മോചിതനായത്.
വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ്, 2 ഹരിഹര്‍ നഗര്‍ തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.
ഭാര്യ : ഇന്ദിര, മക്കള്‍: ഡോ.മഞ്ജു, ശ്രീകാന്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.