സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി; കാനം വിരുദ്ധ ചേരിക്ക് തിരിച്ചടി

സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി; കാനം വിരുദ്ധ ചേരിക്ക് തിരിച്ചടി

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം തവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു കരു നീക്കങ്ങള്‍.

നേരത്തെ 75 വയസ് പ്രായപരിധിയെ ചോദ്യം ചെയ്ത് സി. ദിവാകരനടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാര്‍ഗരേഖ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചതാണെന്ന് കെ. പ്രകാശ് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍പത്തെ സംസ്ഥാന കൗണ്‍സിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങള്‍ ഇക്കുറി അധികമുണ്ട്. ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.