റബര്‍മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി അതിരൂക്ഷമാകും : അഡ്വ. വി.സി. സെബാസ്റ്റ്യൻ

റബര്‍മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി അതിരൂക്ഷമാകും : അഡ്വ. വി.സി. സെബാസ്റ്റ്യൻ

കോട്ടയം: കേരളത്തിലെ റബര്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ സമാനതകളില്ലാത്തതാണെന്നും വരുംദിവസങ്ങളില്‍ ഉല്പാദനക്കുറവും വിലത്തകര്‍ച്ചയുംമൂലം അതിരൂക്ഷമാകുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും ഇലക്കേടുമുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍മൂലം ഉല്പാദനത്തില്‍ വന്‍ കുറവാണ് കേരളത്തില്‍ ഈ വര്‍ഷം നിലവിലുള്ളത്. മുന്‍കാലങ്ങളിലെല്ലാം സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഉല്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതെങ്കിലും ഈ വര്‍ഷമിത് പിന്നോട്ടടിക്കുമെന്നുറപ്പാണ്. ഉല്പാദനം കുറഞ്ഞിട്ടും വിപണിവില ഉയരാത്തതും കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റബര്‍ബോര്‍ഡും കാലങ്ങളായി തുടരുന്ന ഉത്തരവാദിത്വരഹിതമായ ഒളിച്ചോട്ടവും കര്‍ഷക വഞ്ചനാസമീപനവും അവസാനിപ്പിച്ച് ന്യായവില ഉറപ്പാക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിക്കുന്നതാണ് ഉത്തമം.

നിലവിലുള്ള രാജ്യാന്തര വ്യാപാരക്കരാറുകളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടാനൊരുങ്ങുന്ന പുതിയ രണ്ടു ഡസനോളം സ്വതന്ത്രവ്യാപാരക്കരാറുകളും സൃഷ്ടിക്കുന്ന വരാന്‍പോകുന്ന വലിയ പ്രതിസന്ധി പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി തകര്‍ക്കുന്നതാണ്. ആസിയാന്‍ രാജ്യങ്ങള്‍ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള റബര്‍ ഇറക്കുമതി ഉയരുമ്പോഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ഉല്പാദനം സജീവമാകുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്കും വന്‍ പ്രഹരമാകും.
കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതുന്നില്ലെങ്കില്‍ വിളമാറ്റകൃഷിക്കും കേരളത്തില്‍ സാധ്യത മങ്ങും. തോട്ടം പുരയിടമുള്‍പ്പെടെയുള്ള ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താതെ സര്‍ക്കാര്‍ നിഷ്‌ക്രിയരായി അട്ടിമറിക്കുന്നത് ശരിയല്ല. പരിസ്ഥിതിലോലം, ബഫര്‍സോണ്‍, മറ്റു ഭൂപ്രശ്‌നങ്ങള്‍, വന്യമൃഗശല്യം ഇവയെല്ലാംമൂലം കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിട്ടും ഭരണസംവിധാനങ്ങളുടെ കണ്ണുതുറക്കാത്തത് ദുഃഖകരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.