തിരുവനന്തപുരം: ഗവര്‍ണര്‍-സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ സിപിഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമിടും. ഇന്നും നാളെയുമാണ് യോഗങ്ങൾ. ഗവർണർക്കെതിരെയുള്ള രാഷ്ട്രിയവും നിയമപരവുമായ പ്രതിരോധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചാകും പ്രധാന ചർച്ചകൾ.
ഗവർണർക്കെതിരായ സമരത്തിന്റെ ഭാഗമായി ഗവർണറുടെ നടപടികൾ തുറന്നുകാട്ടി മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താനാണ് ഇടതുമുന്നണി തീരുമാനം. ഈ മാസം 10 വരെ ജില്ല തലങ്ങളില്‍ 3000 പേരെ വീതം പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകൾ നടത്തും. പത്ത് മുതല്‍ 14 വരെ വീടുകളിൽ ലഘുലേഖ എത്തിക്കും. 10 മുതല്‍ 12 വരെ മുഴുവന്‍ കാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മയുണ്ടാവും. 15നാണ് ഒരുലക്ഷം പേര് പങ്കെടുക്കുന്ന രാജ്ഭവന് ഉപരോധം.
ഈ വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃയോഗങ്ങളിൽ കൈക്കൊണ്ട നിലപാടുകൾ സംസ്ഥാന യോഗത്തിൽ റിപ്പോർട്ട് ചെയ്യും.
അതേസമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി നേതൃത്വം രംഗത്തുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവരുടെ പ്രതികരണങ്ങൾ ഇതിന്റെ ഭാഗമാണ്. ഗവര്‍ണറെ വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്. ഗവർണർക്ക് അനൂകൂലമായി പ്രചാരണം നടത്താനും ബി.ജെ.പി ഒരുങ്ങുന്നു.
രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ചും ഉപരോധവുമടക്കമുള്ള പ്രതിഷേധം ഉയർത്തുമ്പോൾ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടെ ഗവർണർ അനുകൂല പ്രകടനങ്ങൾ നടത്താനാണ് ബിജെപിയും പോഷകസംഘടനകളും ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.