ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സര്‍വീസിന് ഇന്ന് തുടക്കം; ചെന്നൈ-മൈസൂരു സര്‍വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സര്‍വീസിന് ഇന്ന് തുടക്കം; ചെന്നൈ-മൈസൂരു സര്‍വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ബംഗളൂരു: ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിന്‍ സര്‍വീസ് വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. മൈസൂരു-ബംഗളൂരു-ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.

ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആദ്യ യാത്രയ്ക്ക് ബംഗളൂരു കെഎസ്ആര്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങില്‍ പങ്കെടുത്തു. ആദ്യ യാത്രയ്ക്ക് ശേഷം മൈസൂരു-ബംഗളൂരു-ചെന്നൈ പാതയില്‍ വന്ദേഭാരത് ഓടിത്തുടങ്ങും. ആദ്യഘട്ടത്തില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂര്‍ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക.

ട്രാക്ക് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം മൂന്നു മണിക്കൂറായി കുറയും. ഇതോടെ ചെന്നൈ-മൈസൂരു പാതയിലെ യാത്രാ ക്ലേശത്തിന് വലിയ രീതിയില്‍ പരിഹാരമാകും.16 കോച്ചുകള്‍ അടങ്ങിയ റേക്കാണ് സര്‍വീസിനായി എത്തിച്ചിട്ടുള്ളത്.

രാവിലെ 5.50 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.20 ന് ബംഗളൂരുവിലും 12.20 ന് മൈസൂരുവിലും എത്തും. തിരികെ ഉച്ചയ്ക്ക് ഒന്നിന് മൈസൂരുവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി ഏഴരയ്ക്ക് ചെന്നൈയിലെത്തും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ ശേഷിയുള്ളവയാണ് വന്ദേഭാരത് എങ്കിലും ചെന്നൈ-മൈസൂരു പാതയില്‍ 75 -80 കിലോമീറ്റര്‍ വേഗത്തിലാകും സര്‍വീസ് നടത്തുക. സുരക്ഷ വേലി ഇല്ലാത്തതാണ് വേഗത കുറയാന്‍ കാരണം.

ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസിനെ അപേക്ഷിച്ച് വന്ദേഭാരതില്‍ ടിക്കറ്റ് നിരക്കും കുറവാണ്. ഭക്ഷണം ഉള്‍പ്പെടെ ചെയര്‍ കാറിന് 1200 രൂപയാണ് നിരക്ക്. ശതാബ്ദിയില്‍ 1275 രൂപ നല്‍കണം. എക്‌സിക്യുട്ടീവ് കാറിന് 2295 രൂപയാണ് വന്ദേഭാരതിലെ നിരക്ക്. വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി മറ്റ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതുമാണ് വന്ദേഭാരത് ട്രെയിനുകള്‍. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ കവാച് വന്ദേഭാരത് എക്‌സപ്രസിന്റെ ഭാഗമാണ്.

2023 ഓഗസ്റ്റ് 15 നുള്ളില്‍ രാജ്യത്താകെ 75 വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുന്നതെങ്കിലും അതിവേഗ ചരക്കു നീക്കത്തിനുള്ള പ്രത്യേക വന്ദേഭാരത് ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.