തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരാനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ പോലീസ് സേനയെ എത്തിക്കാന്‍ നീക്കം. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താനാണ് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറിയ സാഹചര്യത്തിലാണ് പൊലീസിന് ജാഗ്രതാ നിര്‍ദേശം. വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം തുടരാന്‍ തന്നെയണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. തുടര്‍ സമരപരിപാടികളും പ്രഖ്യാപിക്കുമെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര വിശ്വാസികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ശനിയാഴ്ച വിഴിഞ്ഞം തുറമുഖനിര്‍മാണ പ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിര്‍മാണ സാമഗ്രികള്‍ അദാനി പോര്‍ട്ട് അധികൃതര്‍ വിഴിഞ്ഞത്തേക്ക് എത്തിച്ചത്.
വിവരമറിഞ്ഞ് രാവിലെ മുതല്‍ സമരക്കാര്‍ സജ്ജരായി. തുറമുഖത്തെ അനുകൂലിക്കുന്ന പ്രദേശവാസികള്‍ കൂടി സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയായി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാര്‍ക്ക് ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.