"ഫോര്‍ ഡേ വീക്ക് "പരീക്ഷണം വൻ വിജയം; ഭൂരിഭാഗം കമ്പനികളും പദ്ധതി തുടരുമെന്ന് സംഘാടകർ


ലണ്ടൻ: പ്രവൃത്തിദിനം ആഴ്ചയില്‍ നാല് ദിവസമാക്കി മാറ്റുന്നത് ബിസിനസിന് നല്ലതാണെന്ന് ആറ് മാസത്തെ ശേഷം നിരീക്ഷണങ്ങൾക്ക് ശേഷം ‘ഫോര്‍ ഡേ വീക്ക്’ എന്ന പദ്ധതിയുടെ ബ്രിട്ടനിലെ സംഘാടകർ വ്യക്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ശമ്പളത്തെ ബാധിക്കാത്ത രീതിയിൽ 33 കമ്പനികളിലെ 903 ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി ഭൂരിഭാഗം കമ്പനികളും തുടരാനാണ് സാധ്യതയെന്നും സംഘാടകർ പറയുന്നു.

ഫോര്‍ ഡേ വീക്ക് ഗ്ലോബൽ നടത്തിയ സർവേയിൽ പങ്കെടുത്തതിൽ 27 കമ്പനികൾ മുമ്പുണ്ടായിരുന്ന അഞ്ച് ദിവസത്തെ ദിനചര്യയിലേക്ക് തങ്ങൾ മടങ്ങുകയാണെന്ന് പറഞ്ഞില്ല. കൂടാതെ പ്രതികരിച്ച 495 ജീവനക്കാരിൽ 97 ശതമാനം പേരും ആഴ്ചയിൽ നാല് ദിവസമെന്ന പ്രവർത്തിദിനം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ പങ്കെടുത്ത ഭൂരിഭാഗം കമ്പനികളും അമേരിക്ക, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. പരിപാടിയിൽ പങ്കെടുത്തതിൽ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയും പ്രകടനവും അടിസ്ഥാനമാക്കി കമ്പനികളുടെ അനുഭവം പത്തിൽ ഒൻപത് എന്ന് റേറ്റ് ചെയ്യപ്പെട്ടു.

മാനസിക പിരിമുറുക്കം, ക്ഷീണം, ഉറക്കമില്ലായ്മ, ഊർജ്ജനഷ്ടം, ശാരീരികവും മാനസികവുമായ ആരോഗ്യം തുടങ്ങിയവയുടെ പുരോഗതി എന്നിവ സംബന്ധിച്ച ചോദ്യങ്ങളിൽ എല്ലാ ജീവനക്കാരുടെയും പ്രതികരണം ഒരുപോലെ അനുകൂലമായിരുന്നു. കമ്പനിയുടെ വരുമാനം ഉയർത്തുന്നതിലും ഈ പദ്ധതി അനുകൂലമായ രീതിയിലാണ് ഫലം നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ശരാശരി വരുമാനം 38 ശതമാനം ഉയർന്നതായി സർവേ പറയുന്നു.

ബോസ്റ്റൺ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവയിലെ ഗവേഷകരും ഫോർ ഡേ വീക്ക് ഗ്ലോബലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും ചേർന്ന് നടത്തിയ പരീക്ഷണവുമായി സഹകരിച്ചു. ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലും രണ്ട് ഘട്ടമായിട്ടാണ് പരീക്ഷണം നടത്തിയത്.

പരീക്ഷണകാലയളവിൽ ജോലിയുടെ തീവ്രതയിൽ വർദ്ധനവ് വന്നതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബോസ്റ്റൺ കോളേജിലെ സോഷ്യോളജി പ്രൊഫസറും ട്രയലിന്റെ പ്രധാന ഗവേഷകനുമായ ജൂലിയറ്റ് ഷോർ പറഞ്ഞു. ജോലി സമയം പുനക്രമീകരിക്കുന്ന പദ്ധതി വിജയിച്ചുവെന്നും ജൂലിയറ്റ് ഷോർ പറഞ്ഞു. ജോലിസമയം വർദ്ധിപ്പിക്കുന്നതിലൂടെ മികച്ച പ്രകടനം കൈവരിക്കാനാകില്ലെന്നും അത് സുസ്ഥിരമോ അഭികാമ്യമോ അല്ലെന്നും അവർ കൂട്ടിച്ചേർത്തു.

പരീക്ഷണത്തിൽ പങ്കെടുത്ത ക്രൗഡ് ഫണ്ടിംഗ് സൈറ്റായ കിക്ക്സ്റ്റാർട്ടറിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ ജോൺ ലെലാൻഡ് പരിപാടിയെ "യഥാർത്ഥ വിജയം" എന്നാണ് വിശേഷിപ്പിച്ചത്. പ്രവർത്തിദിവസം ആഴ്ചയിൽ നാലാക്കിയത് ബിസിനസ്സിനെയും ജീവനക്കാരെയും സംബന്ധിച്ച് പരിവർത്തനാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജോലിദിവസങ്ങൾ കുറച്ചതോടെ ജീവനക്കാർ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കൂടുതൽ അർപ്പണബോധമുള്ളവരാകുകയും ചെയ്തു.

ഈ ഒരു മാറ്റം മുമ്പത്തേക്കാൾ മികച്ച രീതിയിൽ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നതായിരുന്നുവെന്നും ജോൺ ലെലാൻഡ് പ്രസ്താവനയിൽ പറഞ്ഞു. സമാനമായി ഫോർ ഡേ വീക്ക് ഗ്ലോബൽ തന്നെ ബ്രിട്ടനിലെ 70 കമ്പനികളെയും 3,300 തൊഴിലാളികളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ആറ് മാസത്തെ മറ്റൊരു പരീക്ഷണവും അവസാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.