ദുബായ്: ആകാശത്ത് അതിഗംഭീരമായ വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ഭൂമിയില്‍ ലോകപ്രശസ്തമായ കലാകാരന്മാരുടെ കരവിരുതിലൊരുങ്ങിയ ലൈറ്റ് ഇന്‍സ്റ്റാളേഷനുകള്‍, ദുബായുടെ ആകാശവും ഭൂമിയും ഷോപ്പിംഗ് ഫെസ്റ്റിവലിന് സ്വാഗതമോതിയതിങ്ങനെയാണ്.
ദ സ്പാർക്ക് വിത്ത് ഇന്‍ എന്ന ആശയത്തിലൂന്നിയാണ് സിറ്റിവാക്കിലും ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലും ഇത്തവണ ലൈറ്റ് ഇന്‍സ്റ്റാളേഷനുകള്‍ ഒരുക്കിയിട്ടുളളത്. 10 ലോക പ്രശസ്തരായ കലാകാരന്മാരാണ് പിന്നില്‍ പ്രവർത്തിച്ചത്.
സിറ്റിവാക്കിലൊരുക്കിയിട്ടുളളത് 7 ഇന്‍സ്റ്റാലേഷനുകളാണ്. പിയാനോയുടെ കീയുടെ ചലത്തിന് അനുസരിച്ച് തെളിയുന്ന ലൈറ്റുകള്‍. ലൈറ്റ് പിയാനോയില്‍ സംഗീതവും വെളിച്ചവും ഒന്നായി തീരുന്ന അനുഭവം.
ഏറിയോന്‍ ഡീ മന്‍കും മാർക്ക് റൈഡറുമാണ് ശില്‍പികള്‍. ഒരു കെട്ട് ടൂലിപ് ചെടികള്‍ വിടർന്ന് നില്‍ക്കുന്ന കാഴ്ചയൊരുക്കിയിരിക്കുന്നത് കോറോസ് ഡിസൈനാണ്. സിആന്‍റ് സി ഡിസൈനൊരുക്കിയിരിക്കുന്നത് ആന്‍ജെല ചോംഗ് ആണ്. ബഞ്ചിന്‍റെ രൂപത്തിലൊരുക്കിയിരിക്കുന്ന ലൈറ്റ് ഇന്‍സ്റ്റാലേഷനാണിത്. ബുർജ് ഖലീഫ പിന്നണിയില്‍ കാണാമെന്നുളളതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി സിആന്‍റ് സി മാറുമെന്നാണ് പ്രതീക്ഷ
സന്തോഷ് ഗുജ്ജാർ വികാസ് പാട്ടില്‍ എന്നിവർ ചേർന്നൊരുക്കിയ നെസ്റ്റും കൗതുകകാഴ്ചയാണ്.
യുഎക്സ് യു സ്റ്റുഡിയോയുടെ ടോർണാഡോ വിനാശകരമായ പ്രകൃതി പ്രതിഭാസത്തെ വെളിച്ചത്തിന്‍റെ ഭംഗിയുമായി ചേർത്ത് വയ്ക്കുന്നു. വെളിച്ചം വിതറുന്ന കുഞ്ഞുകുഞ്ഞുബള്‍ബുകള്‍ തൂക്കിയിട്ട ഇടനാഴിയാണ് സബ് മെർജ്. ചുവന്ന ചുണ്ടുകളെ ഓർമ്മിപ്പിക്കുന്ന 1500 ലധികം ബള്‍ബുകള്‍ ഒരുമിച്ചുചേരുന്നു ഡിസൈറിലൂടെ.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ വെടിക്കെട്ട് നടന്നു. ദുബായ് ഫ്രെയിം, ബുർജ് അല്‍ അറബ്, അല്‍ സീഫ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നിരവധിപേരാണ് വെടിക്കെട്ട് കാണാനായി എത്തിയത്. ജനുവരി 29 വരെ ദ ബീച്ച്, ജെബിആർ, അല്‍സീഫ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ രാത്രി വെടിക്കെട്ടുണ്ടാകും. ദുബായുടെ ഭാവിയെന്ന ആശയത്തിലൂന്നി ഡ്രോണ്‍ ഷോയും നടന്നു.
ബ്ലൂവാട്ടേഴ്സിലും ജെബിആർ ദ ബീച്ചിലും എല്ലാ ദിവസവും വൈകീട്ട് 7 മണിക്കും 10 മണിക്കുമാണ് ഡ്രോണ്‍ ഷോ നടക്കുക. ഡിസംബർ 23, 24 തിയതികളിലും ജനുവരി 13,14,തിയതികളിലും 27, 28 തിയതികളിലും പ്രത്യേക ലേസർ ഷോയുമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.