ജിഎസ്ടി: തെളിവ് നശിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ തടയുന്നതും ഇനി ക്രിമിനല്‍ കുറ്റമല്ല

ജിഎസ്ടി: തെളിവ് നശിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ തടയുന്നതും ഇനി ക്രിമിനല്‍ കുറ്റമല്ല

ന്യൂഡല്‍ഹി: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ തടയുന്നതും തെളിവ് നശിപ്പിക്കുന്നതുമടക്കം ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ ശുപാര്‍ശ. ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ നിന്നും നീക്കാനാണ് നിര്‍ദേശം. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക, വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നിവയും ക്രമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് യോഗത്തിനുശേഷം റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.

ജിഎസ്ടി നിയമങ്ങള്‍ പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പരിധി ഒരു കോടിയില്‍നിന്ന് രണ്ട് കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വ്യാജ ഇന്‍വോയ്‌സ് തയ്യാറാക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇത് ബാധകമല്ല.
പയര്‍ വര്‍ഗങ്ങളുടെ തൊലി, കത്തികള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. എഥനോള്‍ ബ്ലെന്‍ഡ് ചെയ്യുന്നതിനുള്ള ഈഥൈല്‍ ആല്‍ക്കഹോളിന്റെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

15 അജണ്ടകളാണ് യോഗത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതെന്നും അതില്‍ എട്ടെണ്ണത്തില്‍ തീരുമാനമായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവശേഷിക്കുന്നവ അടുത്ത യോഗത്തില്‍ പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.