ആദ്യ 3 ഡി കെട്ടിടം പൂര്‍ത്തിയാക്കി കരസേന; അതിര്‍ത്തിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് യൂണിറ്റുകള്‍ ഉയരും

ആദ്യ 3 ഡി കെട്ടിടം പൂര്‍ത്തിയാക്കി കരസേന; അതിര്‍ത്തിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് യൂണിറ്റുകള്‍ ഉയരും

അഹമ്മദാബാദ്: കെട്ടിടങ്ങളും മറ്റ് താമസ സ്ഥലങ്ങളും നിമിഷ നേരം കൊണ്ട് പൂര്‍ത്തിയാക്കുന്ന 3 ഡി നിര്‍മ്മാണം പരീക്ഷിച്ച് കരസേന. അഹമ്മദാബാദിലാണ് കരസേന 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെ ഇരുനില കെട്ടിടം പണിതത്. അതിര്‍ത്തികളില്‍ അതിവേഗം ബ്ലോക്കുകള്‍ നിര്‍മ്മിച്ച് കെട്ടിടമാക്കാവുന്ന സംവിധാനം ഏറെ ഫലപ്രദവും ഈടു നില്‍ക്കുന്നതുമാണെന്നും കരസേന അറിയിച്ചു.

കരസേനയുടെ എഞ്ചിനീയറിങ് വിഭാഗമായ എംഇഎസാണ് സൈന്യത്തിന് ഏറെ ഉപകാരപ്പെടുന്ന 3 ഡി സാങ്കേതിക വിദ്യയിലൂടെ കെട്ടിടം നിര്‍മ്മിച്ചത്. നിര്‍മ്മാണ മേഖലയിലെ മികച്ച സ്ഥാപനമായ മികോബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരസേനയുമായി 3 ഡി കെട്ടിട നിര്‍മ്മാണത്തില്‍ കൈകോര്‍ത്തിരിക്കുന്നത്.

71 ചതുരശ്ര അടിയിലാണ് 3 ഡി കെട്ടിട നിര്‍മ്മാണം നടന്നത്. ഇരുനില കെട്ടിടത്തില്‍ വാഹനമിടാനും ഗ്യാരേജിനും ഉള്ള ഇടം ഒരുക്കിയിട്ടുണ്ട്. 12 ആഴ്ചയാണ് നിര്‍മ്മാണത്തിനായി എടുത്ത സമയം. സോണ്‍ 3 ഭൂകമ്പ പ്രതിരോധ മാനദണ്ഡം അവലംബിച്ച നിര്‍മ്മാണം, ഹിമാലയന്‍ മലനിരകളിലെ സൈനിക താവളങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമാണെന്ന് പ്രതിരോധ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

താല്‍ക്കാലിക ടെന്റുകള്‍ നിര്‍മ്മിച്ചിരുന്ന സ്ഥാനത്താണ് ഇനി 3ഡി കെട്ടിടങ്ങള്‍ ഉയരുന്നത്. കെട്ടിടത്തിനാവശ്യമായ ചുവരുകളെല്ലാം നിമിഷ നേരംകൊണ്ട് 3 ഡി രൂപരേഖ പ്രകാരം നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ക്കുന്നതാണ് സംവിധാനം. വിവിധ ബറ്റാലിയനുകളെ ഒരുമിച്ച് മാറ്റേണ്ടി വരുമ്പോള്‍ ഏറെ ഉപകരാപ്പെടുന്ന സംവിധാനമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.