ന്യൂയോർക്ക്: മനുഷ്യശരീരം കൃത്രിമമായി വളമാക്കി മാറ്റുന്ന ഹ്യൂമൻ കമ്പോസ്റ്റിംഗ് അംഗീകരിക്കുന്ന ഏറ്റവും പുതിയ അമേരിക്കൻ സംസ്ഥാനമായി ന്യൂയോർക്ക് മാറി. മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണ് ഇതെന്ന് വ്യക്തമാക്കി നിരവധി പേര്‍ വിമർശനവുമായി രംഗത്ത് വരുന്നതിനിടെയായിരുന്നു നടപടി.
സ്റ്റേറ്റ് ഡെമോക്രാറ്റിക് ഗവർണറായ കാത്തി ഹോച്ചുൾ ഹ്യൂമൻ കമ്പോസ്റ്റിംഗിന് അംഗീകാരം നൽകിയതോടെ  ഈ രീതി അനുവദിക്കുന്ന ആറാമത്തെ അമേരിക്കൻ സംസ്ഥാനമായി ന്യൂയോർക്ക് മാറി. 2019 ൽ ഹ്യൂമൻ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വാഷിംഗ്ടൺ മാറിയിരുന്നു.
തുടർന്ന് 2021-ൽ കൊളറാഡോയും ഒറിഗോണും 2022 ജൂണിൽ വെർമോണ്ടും സെപ്റ്റംബറിൽ കാലിഫോർണിയയും  കൂടി ഈ രീതി നിയമവിധേയമാക്കി. കൂടാതെ നിലവിൽ സ്വീഡനും ബ്രിട്ടനും ഈ രീതി നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്.

ഹ്യൂമൻ കമ്പോസ്റ്റിംഗിനായി മരിച്ചയാളുടെ ശരീരം ഒരു പ്രത്യേക പാത്രത്തിൽ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് പോഷക സമൃദ്ധമായ വളമായി മാറ്റുന്നു.
ഹ്യൂമൻ കമ്പോസ്റ്റിംഗ് ഫ്യൂണറൽ ഹോമുകളിലെ ജീവനക്കാർ പിന്നീട് പാത്രത്തിൽ നിന്ന് കമ്പോസ്റ്റ് നീക്കം ചെയ്യുകയും രണ്ട് മുതൽ ആറ് ആഴ്ച വരെ മെച്ചപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്.
അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.

എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും വളത്തിൽ അടങ്ങിയിട്ടുണ്ടാകും.
മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗം കൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് എന്നും വാദിക്കപ്പെടുന്നു.
ഓരോ ശരീരവും ഏകദേശം ഒരു ക്യുബിക് യാർഡ് കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നുവെന്ന് അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂണറൽ ഹോം ആയ റീകംപോസ് വ്യക്തമാക്കുന്നു. സംസ്കരിക്കുകയോ ശരീരം കത്തിക്കുകയോ ചെയ്യുന്ന പരമ്പരാഗത രീതികളെ അപേക്ഷിച്ച് തങ്ങളുടെ സേവനത്തിന് ഒരു ടൺ കാർബൺ ലാഭിക്കാൻ കഴിയുമെന്നും അവർ വിശദീകരിച്ചു.
മനുഷ്യാവശിഷ്ടങ്ങൾ ചാരവും അസ്ഥി ശകലങ്ങളും ആക്കി കത്തിക്കുകയോ അല്ലെങ്കിൽ സംസ്‌കരിക്കുകയോ ചെയ്യുന്ന ശവസംസ്‌കാര പ്രക്രിയ ശരാശരി 534.6 പൗണ്ട് കാർബൺ ഡൈ ഓക്‌സൈഡ് ശരീരത്തിന് വായുവിലേക്ക് പുറപ്പെടുവിക്കുന്നുവെന്ന് നാഷണൽ ജിയോഗ്രാഫിക്കിന്റെ ബെക്കി ലിറ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ഇത് ഏകദേശം 360,000 മെട്രിക് ടൺ ഹരിതഗൃഹ വാതകം ഓരോ വർഷവും അമേരിക്കയിൽ നിന്ന് മാത്രം പുറന്തള്ളാൻ കരണമാകുന്നുവെന്നും അവർ വിശദീകരിക്കുന്നു. കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്വമനം കാലാവസ്ഥാ വ്യതിയാനത്തിന് ഒരു പ്രധാന സംഭാവനയാണ്. കാരണം ഹരിതഗൃഹ പ്രഭാവം എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തിൽ ഭൂമിയുടെ താപനില വർദ്ധിക്കാൻ അവ മൂലകാരണമായി പ്രവർത്തിക്കുന്നു.

ഇത് കൂടാതെ ഒരു ശവപ്പെട്ടി ഉൾപ്പെടുന്ന പരമ്പരാഗത സംസ്കാരവേളയിലാണെങ്കിൽ മരവും ഭൂമിയും മറ്റ് പ്രകൃതി വിഭവങ്ങളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല മൃതദേഹം എംബാം ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മണ്ണിലേക്ക് ഒഴുകിപ്പോകുമെന്നതിനാൽ ശ്മശാനങ്ങളും പരിസ്ഥിതിക്ക് ദോഷം ചെയ്യും.
ഗിസ്‌മോഡോ എന്ന സയൻസ് വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഫോർമാൽഡിഹൈഡ്, മെഥനോൾ, എത്തനോൾ തുടങ്ങിയ 5.3 ദശലക്ഷം ഗാലൻ ദ്രാവകങ്ങൾ ഓരോ വർഷവും കുഴിച്ചിടുന്നു. പ്രതിവർഷം 30 ദശലക്ഷം ബോർഡ് അടി തടിയും ഏകദേശം 2 ദശലക്ഷം ടൺ കോൺക്രീറ്റും സ്റ്റീലും മറ്റ് വസ്തുക്കളും ആവശ്യമായ ശവമഞ്ചങ്ങളും ശ്മശാന നിലവറകളും പ്രതിയെ ചൂഷണം ചെയ്യുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഹ്യൂമൻ കമ്പോസ്റ്റിംഗ് പരിസ്ഥിതിയോട് കൂടുതൽ ചേർന്ന് നിൽക്കുന്നു എന്ന് മാത്രമല്ല, ശ്മശാനങ്ങൾക്കുള്ള ഭൂമി പരിമിതമായ നഗരങ്ങളിൽ കൂടുതൽ പ്രായോഗികമാക്കൻ സഹായിക്കുന്നതാണെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

പക്ഷേ, ചിലർക്ക് കമ്പോസ്റ്റിംഗിന്റെ ഫലമായുണ്ടാകുന്ന മണ്ണിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ധാർമ്മിക ചോദ്യങ്ങളുണ്ട്. ന്യൂയോർക്ക് സംസ്ഥാനത്തെ കത്തോലിക്കാ ബിഷപ്പുമാർ നിയമനിർമ്മാണത്തെ ശക്തമായി എതിർത്തു. മനുഷ്യശരീരങ്ങളെ "ഗാർഹിക മാലിന്യങ്ങൾ" പോലെ പരിഗണിക്കരുതെന്ന് ബിഷപ്പുമാർ ഊന്നിപ്പറയുന്നു.
ന്യൂയോർക്കിൽ ഹ്യൂമൻ കമ്പോസ്റ്റിംഗ് ബിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വേളയിലും ന്യൂയോർക്ക് സ്റ്റേറ്റ് കാത്തലിക് കോൺഫറൻസ് സമാനമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. “മനുഷ്യന്റെ അടിസ്ഥാന അന്തസ്സും ബഹുമാനവും സംരക്ഷിക്കാനും മാനിക്കാനും” ഈ രീതി പ്രയോഗികമാക്കുന്നതിലൂടെ പരാജയപ്പെടുമെന്ന് അവർ വ്യക്തമാക്കിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.