ഗ്രീസിലെ മുൻ രാജാവും അവസാനത്തെ രാജാവുമായ കോണ്‍സ്റ്റന്റൈന്‍ രണ്ടാമന്‍ അന്തരിച്ചു

ഗ്രീസിലെ മുൻ രാജാവും അവസാനത്തെ രാജാവുമായ കോണ്‍സ്റ്റന്റൈന്‍ രണ്ടാമന്‍ അന്തരിച്ചു

ഏഥൻസ്: ഗ്രീസിലെ മുൻ രാജാവും അവസാനത്തെ രാജാവുമായ കോൺസ്റ്റന്റൈൻ (82) അന്തരിച്ചു. ഏഥൻസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഏഥൻസിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യമെന്ന് ആശുപത്രി ജീവനക്കാരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഫിലിപ്പ് ആറാമൻ രാജാവിന്റെ അമ്മാവനും സോഫിയ രാജ്ഞിയുടെ സഹോദരനുമായ കോൺസ്റ്റന്റൈൻ ആരോഗ്യപ്രശ്നങ്ങളാൽ ഏഥൻസിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.

1964 ൽ കിംഗ് പോളിന്റെ മരണത്തിനു ശേഷം 23-ാം വയസ്സിലാണ് കോൺസ്റ്റന്റൈൻ രണ്ടാമന്‍ സിംഹാസനത്തിലേറുന്നത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം 1967 ൽ സൈനിക അട്ടിമറി ഉണ്ടാവുകയും കോൺസ്റ്റന്റൈൻ ഒടുവിൽ സൈനിക ഭരണാധികാരികളുമായി ഏറ്റുമുട്ടുകയും നാടുകടത്തപ്പെടുകയും ചെയ്തു.

കോൺസ്റ്റന്റൈൻ രണ്ടാമന്റെ ഗ്രീക്ക് പൗരത്വം പിന്നീട് എടുത്തുകളഞ്ഞു. പിന്നീട് അദ്ദേഹം ഡെൻമാർക്കിലെ രാജകുമാരി ആൻ മേരിയെ വിവാഹം കഴിച്ചു. ഇവർക്ക് അഞ്ച് കുട്ടികളും ഉണ്ട്. 1960 ൽ റോമിൽ നടന്ന ഒളിമ്പിക്സിലെ ഒരു ടീം ഇനത്തിൽ ക്യാപ്റ്റനാകുകയും സ്വർണ മെഡൽ ജേതാവ് എന്ന നിലയിൽ പ്രശസ്തി നേടിയ യുവരാജാവിന് വലിയ ജനപിന്തുണയായിരുന്നു.


പിന്നീട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ, ഭരണത്തിലേറി അടുത്ത വർഷം തന്നെ, ജനസമ്മതനായിരുന്ന പ്രധാനമന്ത്രി ജോർജ് പാപ്പാൻഡ്രൂവിനെ തന്ത്രപ്രധാനമായ ഇടപെടലുകളിലൂടെ താഴെയിറക്കിയത് അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയായി.

ഗ്രീസിൽ ഇപ്പോഴും വിശ്വാസത്യാഗമെന്നും, ഭരണകക്ഷിയിൽ നിന്നുള്ള കൂറുമാറ്റം എന്നുമൊക്കെ അറിയപ്പെടുന്ന ഈ സംഭവം ഭരണഘടനാ ക്രമത്തെ അസ്ഥിരപ്പെടുത്തുകയും 1967 ൽ ഒരു സൈനിക അട്ടിമറിയിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് 1973 ൽ ഗ്രീസിൽ രാജവാഴ്ച നിർത്തലാക്കി. 1974 ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം നടന്ന ഒരു ഹിതപരിശോധനയിൽ, വീണ്ടും ഭരിക്കാമെന്ന കോൺസ്റ്റന്റൈന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

1940 ജൂൺ രണ്ടിന് ഏഥൻസിൽ ജോർജ്ജ് രണ്ടാമൻ രാജാവിന്റെ ഇളയ സഹോദരനും സിംഹാസനത്തിന്റെ അനന്തരാവകാശിയുമായ പോൾ രാജകുമാരന്റെയും ഹാനോവറിലെ രാജകുമാരി ഫെഡറിക്കയുടെയും മകനായാണ് കോൺസ്റ്റന്റൈൻ ജനിച്ചത്.

അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായ സോഫിയ സ്പെയിനിലെ മുൻ രാജാവ് ജുവാൻ കാർലോസ് ഒന്നാമന്റെ ഭാര്യയാണ്. ബ്രിട്ടനിലെ ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ ജീവിതപങ്കാളിയും ഗ്രീക്ക് വംശജനുമായിരുന്ന ഫിലിപ്പ് രാജകുമാരൻ, അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, സൈനിക അക്കാദമികളിലും ഏഥൻസ് ലോ സ്കൂളിലുമായിരുന്നു പഠനം. കായിക താരമായിരുന്ന അദ്ദേഹം, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. 1960 ൽ 20-ാം വയസ്സിൽ, സൈലിങ്ങിൽ സ്വർണ്ണ മെഡൽ നേടി.

രാജകുമാരനായിരിക്കുമ്പോൾ തന്നെ, കോൺസ്റ്റന്റൈൻ 1963 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി.1974 ൽ ആജീവനാന്ത ഓണററി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് ശേഷം 2002 ൽ അദ്ദേഹത്തിനും മറ്റ് കുടുംബാംഗങ്ങൾക്കും രാജ്യത്ത് അവരുടെ മുൻ സ്വത്തിന് നഷ്ടപരിഹാരം ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.