ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ 118-ാം വയസ്സിൽ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ 118-ാം വയസ്സിൽ അന്തരിച്ചു

പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ സിസ്റ്റർ ആന്ദ്രേ (118) അന്തരിച്ചു. ഫ്രാൻസിന്റെ തെക്കൻ നഗരമായ ടൗലോണിൽ പ്രാദേശിക സമയം ചൊവ്വാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു എന്ന് സിസ്റ്റർ ആന്ദ്രേയെ പരിപാലിച്ചിരുന്ന നഴ്സിങ് ഹോം വക്താവ് ഡേവിഡ് ടവെല്ല വ്യക്തമാക്കി.

2022 ഏപ്രിലിൽ ഗിന്നസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം 1904 ഫെബ്രുവരി 11 ന് ലൂസൈൽ റാൻഡൻ എന്ന പേരിൽ ജനിച്ച ഫ്രാന്‍സിലെ ഡോട്ടര്‍ ഓഫ് ചാരിറ്റി സന്ന്യാസ സഭാംഗമായ സിസ്റ്റർ ആന്ദ്രേ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മതസേവനത്തിനായി സമർപ്പിച്ചു.


കന്യാസ്ത്രീ ആകുന്നതിന് മുമ്പ് രണ്ടാം ലോകമഹായുദ്ധസമയത്ത് സിസ്റ്റർ ആന്ദ്രേ കുട്ടികളെ പരിപാലിക്കുകയും തുടർന്ന് 28 വർഷം അനാഥരെയും വൃദ്ധരെയും ആശുപത്രിയിൽ പരിചരിക്കുകയും ചെയ്തു. തുടർന്ന് 1944 ൽ തന്റെ 40-ാം വയസില്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസ സഭയില്‍ ചേര്‍ന്നു. ഗിന്നസ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ കൂടിയായിരുന്നു സിസ്റ്റർ ആന്ദ്രേ.

മറ്റുള്ളവരെ സേവിക്കാനുള്ള ദൗത്യം ജീവിത വൃതമാക്കിയ സിസ്റ്റർ ആന്ദ്രേ വിശ്രമജീവിതം നയിച്ചിരുന്ന കാലത്ത് പ്രാര്‍ത്ഥനയിലൂടെയാണ് സഹജീവികളോടുള്ള സ്‌നേഹവും കരുതലും പങ്കുവെച്ചിരുന്നത്.

2022 ൽ സിസ്റ്റർ ആന്ദ്രേയ്ക്ക് 118 വയസ് തികഞ്ഞപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്റെ സ്വന്തം കൈപ്പടയിൽ അവർക്ക് ഒരു ജന്മദിന സന്ദേശം നൽകിയിരുന്നു. സിസ്റ്റർ ആന്ദ്രേയുടെ ജീവിതകാലത്തിനിടയിലെ 18-ാമത്തെ ഫ്രഞ്ച് പ്രസിഡന്റ് ആണ് ഇമ്മാനുവൽ മാക്രോൺ. സിസ്റ്റർ ആന്ദ്രേ ജനിച്ചതിനുശേഷം കത്തോലിക്കാ സഭയിൽ 10 വ്യത്യസ്ത മാർപ്പാപ്പമാരും കടന്നുപോയി.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മുമ്പ് സാക്ഷ്യപ്പെടുത്തിയ ജാപ്പനീസ് വനിത കെയ്ൻ തനാക്കയുടെ മരണത്തെ തുടർന്നാണ് സിസ്റ്റർ ആന്ദ്രേ ലോകത്തിലെ ഏറ്റവും മുതിർന്ന വ്യക്തിയായി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത്.


ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കണ്ണിലെ കാഴ്ച്ച മങ്ങിയെങ്കിലും സിസ്റ്റർ ആന്ദ്രേയുടെ ഓരോ വാക്കുകളും സന്ന്യാസ സഭയിലെ സഹോദരിമാര്‍ക്ക് ജീവിത വെളിച്ചമായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുകയെന്നതാണ് ദിവസേനയുള്ള തന്റെ സന്തോഷമെന്ന് സിസ്റ്റർ ആന്ദ്രേ പറയുമായിരുന്നു.

ആ സന്തോഷം സമ്മാനിക്കാന്‍ സന്ന്യാസസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കന്യാസ്ത്രീകള്‍ മുതല്‍ 89 വയസുള്ള സിസ്റ്റര്‍ തെരേസ് വരെ സിസ്റ്റർ ആന്ദ്രേയെ വീല്‍ച്ചെയറില്‍ ചാപ്പലില്‍ എത്തിക്കാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു.

പ്രാര്‍ത്ഥനയും ചോക്ലേറ്റും ആണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യം എന്നാണ് സിസ്റ്റർ ആന്ദ്രേ പറഞ്ഞിരുന്നത്. തെക്കന്‍ ഫ്രാന്‍സിലെ ഓക്സിറ്റാനി മേഖലയിലെ അലസ് എന്ന പട്ടണത്തില്‍ പത്താം പീയൂസ് മാര്‍പ്പാപ്പയുടെ കാലത്ത് 1904 ഫെബ്രുവരി 11 നാണ് ആന്ദ്രെ ജനിച്ചത്. 19-ാം വയസില്‍ കത്തോലിക്കാ മതം സ്വീകരിക്കുന്നതിനു മുന്‍പ് ഒരു പ്രൊട്ടസ്റ്റന്റ് സഭ വിശ്വാസി ആയിരുന്നു.

കഴിഞ്ഞ വർഷം കോവിഡ് ബാധിതയായെങ്കിലും രോഗത്തെ വിജയകരമായി അതിജീവിക്കാൻ സിസ്റ്റർ ആന്ദ്രേയ്ക്ക് സാധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.