'മാര്‍സെല്‍, ഞാന്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നോട് ക്ഷമിക്കാന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇടമുണ്ടോ?'- അയാള്‍ ചോദിച്ചു. ഞാന്‍ ആ മനുഷ്യനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ എഴുന്നേറ്റപ്പോള്‍ ദൈവീകമായ പ്രേരണയാല്‍ ആ മനുഷ്യനെ ആലിംഗനം ചെയ്തു'.
നെയ്‌റോബി: തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ വ്യക്തിയോട് ക്ഷമിച്ച് ക്രിസ്തു സ്‌നേഹത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് പകര്‍ന്നു നല്‍കുകയാണ് റുവാണ്ടയിലെ വൈദികനായ ഫാ. മാര്‍സെല്‍ ഉവിനേസ.
ലോക ചരിത്രത്തിന്റെ ഏടുകളിലെ കറുത്ത അധ്യായമാണ് 1994 ലെ റുവാണ്ടന്‍ വംശഹത്യ. അന്ന് മാര്‍സെല്‍ ഉവിനേസയ്ക്ക് 14 വയസ് മാത്രം പ്രായം. ടുട്‌സികളും ഹുട്ടുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കേണ്ടി വന്ന കൗമാരം.
യുദ്ധം അനാഥനാക്കിയ ആ ബാലന്‍ ഇന്ന് സൊസൈറ്റി ഓഫ് ജീസസ് സന്യാസ വൈദികനാണ്. ഒറ്റപ്പെടലിന്റെ വേദനയെ വിശ്വാസം കൊണ്ട് മറികടക്കാന്‍ തീരുമാനിച്ചപ്പോള്‍ ദൈവം അവനെ ചേര്‍ത്തു പിടിച്ചു. അങ്ങനെ പല തടസങ്ങളും മറികടന്ന് മാര്‍സെല്‍ ഒരു വൈദികനായി.
മുറിവേറ്റ ജീവിതാനുഭവങ്ങളും ഉള്ളിന്റെയുള്ളില്‍ വേരൂന്നിയ ആഴമായ വിശ്വാസവും അവനെ ക്ഷമയുടെ പാതയില്‍ ചരിക്കാന്‍ പ്രേരിപ്പിച്ചു. പലരും ക്ഷമയെക്കുറിച്ച് വാചാലരാകുമ്പോള്‍ തന്റെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയ ആ കൊലയാളിയെ നേരില്‍ കണ്ട് ക്ഷമ നല്‍കിയതിനു ശേഷമാണ് ഫാ. മാര്‍സെല്‍ ഉവിനേസ ക്ഷമ എന്ന പുണ്യത്തെക്കുറിച്ച് ലോകത്തോട് പങ്കുവച്ചത്.
''എന്നെ സംബന്ധിച്ചിടത്തോളം ക്ഷമ ഒരു അത്ഭുതമാണ്. ചില പണ്ഡിതന്മാരുടെ ഭാഷയില്‍ ഇത് ശരിക്കും സങ്കല്‍പിക്കാനാവാത്തതാണ്. ഇവിടെ ക്ഷമ എന്നത് തെറ്റിനെയോ, പരിക്കിനെയോ വ്യത്യസ്തമായി ഓര്‍ക്കാനുള്ള ഒരു തീരുമാനത്തിനു കാരണമാകാം. അല്ലെങ്കില്‍ ഭൂതകാലത്തിന്റെ തടവുകാരനാകേണ്ടെന്ന് സ്വയം തീരുമാനിക്കുന്നതിന്റെ ഭാഗമാണ് ക്ഷമ''- ഫാ. മാര്‍സെല്‍ പറയുന്നു.
തനിക്ക് ഈ ക്ഷമയുടെ സന്ദേശം ലഭിച്ചത് ജസ്യൂട്ട് സഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയില്‍ നിന്നാണെന്ന് അദേഹം വെളിപ്പെടുത്തുന്നു. 2003 ല്‍ ജെസ്യൂട്ട് നൊവിഷ്യേറ്റിനു ശേഷം ഉവിനേസയെ വിദേശത്ത് തുടര്‍ പഠനത്തിനായി അയക്കുവാന്‍ മേലധികാരികള്‍ തീരുമാനിച്ചു.
അവിടേക്ക് പോകുന്നതിനു മുമ്പ് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ശവകുടീരങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ മടക്കയാത്രയില്‍ അദ്ദേഹം തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ആളെ കണ്ടുമുട്ടി.
'എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ശവകുടീരത്തില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്; ജയില്‍മോചിതനായി. സര്‍ക്കാര്‍ വിട്ടയച്ചെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നും ആ മുഖം മാഞ്ഞിരുന്നില്ല. ഞാന്‍ അവനെ അവിടെ കണ്ടുമുട്ടിയപ്പോള്‍ അവന്‍ എന്റെ മുന്നില്‍ മുട്ടുകുത്തി. എന്നിട്ട് അവന്‍ എന്നെ നോക്കി പറഞ്ഞു: 'മാര്‍സെല്‍, ഞാന്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നോട് ക്ഷമിക്കാന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇടമുണ്ടോ?'- അയാള്‍ ചോദിച്ചു.
'ഈ ഒരു നിമിഷം പല ചിന്തകളാണ് എന്റെ ഉള്ളിലൂടെ കടന്നുപോയത്. മറക്കാന്‍ കഴിയുന്ന ഒരു കാര്യത്തിനല്ല അയാള്‍ ക്ഷമ ചോദിക്കുന്നത്. വേണമെങ്കില്‍ അയാളോട് പ്രതികാരം ചെയ്യാം. എന്നാല്‍ അതിനെല്ലാം, മുകളില്‍ ഒരു ദൈവമുണ്ട്; അവിടുന്ന് നമ്മെ ശക്തരാക്കും. ഞാന്‍ ആ മനുഷ്യനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ എഴുന്നേറ്റപ്പോള്‍ ദൈവീകമായ പ്രേരണയാല്‍ ആ മനുഷ്യനെ ആലിംഗനം ചെയ്തു'.
ആ നിമിഷം തന്റെ കാലില്‍ നിന്നും ഒരു ചങ്ങല പൊട്ടിപ്പോകുന്നതു പോലെ തോന്നി. താനും ജയിലില്‍ കഴിയുകയായിരുന്നു. ആ വ്യക്തിയോട് ക്ഷമിച്ചു കഴിഞ്ഞപ്പോള്‍ സ്വതന്ത്രനായതായി തോന്നിയെന്നാണ് ആ സമയത്തെ അനുഭവത്തെക്കുറിച്ച് ഫാ. മാര്‍സെല്‍ വിവരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.