തുടക്കം പുകവലി, പിന്നീട് കഞ്ചാവ്: ഭൂരിപക്ഷവും ലഹരിയുടെ വലയില്‍ വീണത് 10-15 വയസിനിടെ; സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തുടക്കം പുകവലി, പിന്നീട് കഞ്ചാവ്: ഭൂരിപക്ഷവും  ലഹരിയുടെ വലയില്‍ വീണത് 10-15 വയസിനിടെ; സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് 70 %വും ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. പത്ത് വയസിന് താഴെയുള്ള പ്രായത്തില്‍ ലഹരി ഉപയോഗം ആരംഭിച്ചവര്‍ 9 %.

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് കേസില്‍പ്പെടുന്ന യുവാക്കളില്‍ ഭൂരിപക്ഷവും ഇവ ആദ്യമായി ഉപയോഗിക്കുന്നത് 10-15 വയസിനിടെയെന്ന് എക്സൈസ് വകുപ്പിന്റെ സര്‍വേ ഫലം. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തി.

തുടക്കം പുകവലിയില്‍ നിന്നാണ്. പിന്നീടാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്. പുകവലിക്കുന്ന രീതിയിലാണ് ഭൂരിപക്ഷം ലഹരി ഉപയോഗിക്കുന്നത്.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിങ് സെന്ററുകളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. ഇവരില്‍ 155 പേര്‍ കുറ്റാരോപിതരാണ്.

ഈ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ സമൂഹത്തിന്റെ മൊത്തം ചിത്രമാകണമെന്നില്ലെന്നും എന്നാല്‍ കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച ചില ദിശാ സൂചനകള്‍ ഇത് മുന്നോട്ടുവെക്കുന്നുണ്ടെന്നും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിശദമായ പഠനം എസ്പിസി കേഡറ്റ്സിന്റെ സഹകരണത്തോടെ ആരംഭിച്ചിട്ടിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ നിന്നും വിവര ശേഖരണം നടത്തി സമഗ്രമായ സര്‍വേയാണ് നടക്കുന്നത്.

ലഹരിയുടെ ഉറവിടം, ഉപയോഗിക്കപ്പെടുന്ന പ്രധാന ലഹരി പദാര്‍ത്ഥങ്ങള്‍, കൗമാരക്കാര്‍ ലഹരിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണങ്ങള്‍ എന്നിവ ഒന്നാം ഭാഗമായും വിമുക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും തുടര്‍ നിര്‍ദേശങ്ങളും രണ്ടാം ഭാഗമായും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ശക്തിപ്പെടുത്തല്‍ സംബന്ധിച്ച് മൂന്നാം ഭാഗമായും സര്‍വേ നടക്കും.

ലഹരി ഉപയോഗിച്ചവരില്‍ 82 % പേരും ആദ്യമായി ഉപയോഗിച്ചത് കഞ്ചാവാണ്. 75.66 % പുകവലിയും 64.66 % മദ്യവും 25.5 % ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവില്‍ 77.16 % പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5 % പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5 % പേരുമുണ്ട്.

ലഹരി എന്താണെന്ന് അറിയാനാണ് 78 % പേര്‍ ഉപയോഗിച്ച് തുടങ്ങിയത്. സ്വാധീനം മൂലം 72 %വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5 % പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.

ആദ്യം ഉപയോഗിച്ച ലഹരി ഏത് എന്നായിരുന്നു സര്‍വേയിലെ ഒരു ചോദ്യം. 78.1 % പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യ ലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66 %വും, കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33 %വുമാണ്.

സുഹൃത്തുക്കളില്‍ നിന്നാണ് 79 % വ്യക്തികള്‍ക്കും ആദ്യമായി ലഹരി പദാര്‍ത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5% മാണ്. സര്‍വേയുടെ ഭാഗമായവരില്‍ 38.16 % പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുള്ളവരാണ്.

പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് 70 %വും ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15 നും 19 നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20 %മാണ്. പത്ത് വയസിന് താഴെയുള്ള പ്രായത്തിലാണ് 9 % ലഹരി ഉപയോഗം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.