വെല്ലിങ്ടണ്‍: ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡില്‍ ശക്തിയേറിയ ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പ മാപിനിയില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ വെല്ലിങ്ടണിന് 78 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കന്‍ ലോവര്‍ഹട്ടിലാണ് ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച്ച രാത്രി ഏഴരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
പരപാരൗമു നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 48 കിലോമീറ്ററോളം ആഴത്തിലാണ് പ്രകമ്പനമുണ്ടായെന്നും ജിയോനെറ്റ് സ്ഥിരീകരിച്ചു. വെല്ലിങ്ടണില്‍ 30 സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓക്ലന്‍ഡിലും ക്രൈസ്റ്റ് ചര്‍ച്ചിലും ഉള്‍പ്പെടെ 60,000-ത്തിലധികം പേര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. പലരും വീടുകളില്‍നിന്ന് ഇറങ്ങിയോടി.
തുര്‍ക്കിയിലും സിറിയയിലും വന്‍ നാശം വിതച്ച ഭൂചലനത്തിന് പത്ത് ദിവസത്തിന് ശേഷം ന്യൂസീലന്‍ഡിലും ഭൂചലനമുണ്ടായത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഗബ്രിയേല്‍ ചുഴലിക്കാറ്റുണ്ടാക്കിയ പ്രളയത്തില്‍ വലഞ്ഞിരിക്കുകയാണ് ന്യൂസീലന്‍ഡിലെ ജനങ്ങള്‍.
ഭൂചലന സാധ്യത കൂടിയ റിംഗ് ഫയര്‍ മേഖലയിലാണ് ന്യൂസീലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നാലുപേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മഴയെയും പ്രളയത്തെയും തുടര്‍ന്ന് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഓക്ലന്‍ഡിന്റെ കിഴക്ക് 100 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
2011ല്‍ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീഴുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.