ഇത്തവണ പ്രണയം പറന്നത് ആര്‍ട്ടിഫിഷ്യല്‍ ലവ് ലെറ്ററിലൂടെ...!

ഇത്തവണ പ്രണയം പറന്നത് ആര്‍ട്ടിഫിഷ്യല്‍ ലവ് ലെറ്ററിലൂടെ...!

ചുവന്ന റോസാപൂക്കളും പ്രണയ ലേഖനങ്ങളും തന്നെയാണ് പ്രണയദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തവണയും അതിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയിരുന്ന പ്രേമലേഖനങ്ങള്‍ക്ക് ഇപ്പോള്‍ കുറച്ച് രൂപമാറ്റമൊക്കെ വന്നിട്ടുണ്ട്. വാട്സ്ആപിലൂടെയും ഫെയ്സ്ബുക്കിലൂടെയുമൊക്കെയാണ് ഇപ്പോള്‍ പലരും ഇഷ്ടം തുറന്നെഴുതുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി 'കൃത്രിമം' ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ ആശ്രയിച്ചായിരുന്നു ഇക്കുറി കൂടുതല്‍ ആളുകളും പ്രേമലേഖനം എഴുതിയതെന്നാണ് വെളിപ്പെടുത്തല്‍.

ഇന്ത്യ അടക്കമുള്ള ഒന്‍പത് രാജ്യങ്ങളില്‍ നടത്തിയ സര്‍വെയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രണയം തുറന്നു പറയാന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടിയെന്ന് പറയുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. സര്‍വെയില്‍ പങ്കെടുത്ത 62 ശതമാനം ഇന്ത്യക്കാരും പ്രമേലേഖനമെഴുതാന്‍ ചാറ്റ് ജിപിടിയെ ഉപയോഗിച്ചു എന്ന് പറയുന്നവരാണ്. ഇതിപ്പോ സ്വന്തമായിട്ടെഴുതിയതാണോ സാങ്കേതിക വിദ്യ തയ്യാറാക്കിയ പ്രേമലേഖനമാണോ എന്ന് കണ്ടെത്താനാണ് പ്രയാസം. സര്‍വെയിലെ 78 ശതമാനം ഇന്ത്യക്കാര്‍ക്കും ആളുകള്‍ സ്വയം എഴുതിയ പ്രേമലേഖനവും ചാറ്റ് ജിപിടി എഴുതിയവയും തമ്മില്‍ വ്യത്യാസം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്വന്തം വികാരങ്ങള്‍ തുറന്നെഴുതാന്‍ പോലും സാങ്കേതിക വിദ്യയുടെ സഹായം തേടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവ് തന്നെയാണ്. സമയക്കുറവും മടിയുമൊക്കെയാണ് മറ്റ് കാരണങ്ങള്‍. പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നറിയാവുന്നതുകൊണ്ട് ഈ കുറുക്കുവഴി തെരഞ്ഞെടുക്കുന്നവരും കുറവല്ല.

അതേസമയം സാങ്കേതിക വിദ്യ ഉപയോഗിച്ച് കത്ത് തയ്യാറാക്കാന്‍ ആളുകളൊരുപാടുണ്ടെങ്കിലും ഇത്തരം കത്തുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവാണ്. ഇങ്ങനെയുള്ള പ്രണയ ലേഖനങ്ങള്‍ അവഹേളിക്കുന്നത് പോലെയാണ് പലര്‍ക്കും തോന്നുന്നത്. അതുകൊണ്ടു തന്നെ ആര്‍ട്ടിഫിഷ്യല്‍ ലവ് ലെറ്റര്‍ എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.