ദുബായ്:ദീർഘകാല ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി മിഷന് മുന്‍പുളള അവസാന വട്ട പരിശീലനവും പൂർത്തിയാക്കി. ട്വീറ്റിലൂടെ നെയാദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവാരം പരിശീലനം പൂർത്തിയാക്കി. ലാബറട്ടിയിലെ യുഎഇ പതാക പതിച്ച മതില്‍ സഹയാത്രികർക്കൊപ്പമുളള പരിശീലനത്തെ കൂടുതല്‍ മനോഹരമാക്കി. ഇവിടെത്തെ ഉദ്യോഗസ്ഥരോടും അഡ്മിനിസ്ട്രേറ്റർമാരോടും എഞ്ചിനീയർമാരോടും നന്ദി പറയാന്‍ ആകുന്നില്ല, നെയാദി ട്വിറ്ററില്‍ കുറിച്ചു.
ന്യൂട്രല്‍ ബൂവന്‍സി ലാബറട്ടറിയിലാണ് അദ്ദേഹം പരിശീലനം നടത്തിയത്. ഫെബ്രുവരി 26 നാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിനായി സുല്‍ത്താന്‍ അല്‍ നെയാദി ഐ എസ് എസിലേക്ക് പോവുക. നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് സുല്‍ത്താനെയും വഹിച്ച് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് ബഹികാശ കേന്ദ്രത്തിലേക്ക് കുതിക്കുക. സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, ആൻഡ്രി ഫെഡ്‌യേവ് എന്നിവരാണ് സഹ സഞ്ചാരികൾ.
ബഹിരാകാശത്ത് 6 മാസം തങ്ങി ഗവേഷണ പരീക്ഷണങ്ങൾ നടത്തി സുപ്രധാന ശാസ്ത്ര സത്യങ്ങളോടെയായിരിക്കും നെയാദിയുടെ മടക്കം. 250 ഗവേഷണപരീക്ഷണങ്ങളാണ് ഇക്കാലയളവില്‍ നടത്തുക യുഎഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ആഴമേറിയ പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. 20 ഓളം പരീക്ഷണങ്ങളാണ് യുഎഇയിലെ വിവിധ സർവ്വകലാശാലകള്‍ക്കായി നെയാദി നടത്തുക. ബഹിരാകാശ പര്യവേഷണത്തിനായി രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയാണ് യുഎഇ ആസ്ട്രോനറ്റ് പദ്ധതി ലക്ഷ്യമിടുന്നത്.
സ്വദേശി ബഹിരാകാശ യാത്രികരുടെ കഴിവുകൾ വികസിപ്പിച്ച് അവരെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ പ്രവർത്തിക്കാൻ പ്രാപ്തരാക്കും വിധം പരിശീലിപ്പിക്കേണ്ട ചുമതല തിരിച്ചെത്തുന്ന സുൽത്താൻ അൽ നെയാദിക്കായിരിക്കും.ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും സുൽത്താൻ അൽ നെയാദി സേവനമനുഷ്ഠിക്കും.2019ൽ നടന്ന ആദ്യ ദൗത്യത്തിൽ ഹസ അൽ മൻസൂരി 8 ദിവസം ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിച്ച് വിജയകരമായി തിരിച്ചെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.