റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ പഴിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ പഴിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

മോസ്കോ: റഷ്യ- ഉക്രെയ്ന്‍ യുദ്ധം ആളിക്കത്തിച്ചത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പരാമർശം.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങളെ ആഗോള പ്രതിസന്ധിയാക്കിയത് അവരാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വാർസോയിൽ സംസാരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പുടിന്റെ പ്രസംഗം.

റഷ്യയെ സംരക്ഷിക്കുന്നതിനും നവ-നാസി ഭീഷണി ഇല്ലാതാക്കുന്നതിനുമാണ് 2021 ഫെബ്രുവരി 24 ന് ഉക്രെയ്നില്‍ റഷ്യ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചതെന്നും തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് യുക്രെയ്നില്‍ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചതെന്ന് വിശദീകരിച്ചുകൊണ്ടാണ് പുടിന്‍ പ്രസംഗം ആരംഭിച്ചത്. യുക്രെയ്ന് ആണവായുധങ്ങൾ നൽകുന്നതിനെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും പരസ്യമായി സംസാരിക്കുകയാണെന്ന് പുടിന്‍ വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, യുക്രെയ്നൊപ്പം നിന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുതലെടുപ്പ് നടത്തുകയാണ്. യുക്രെയ്നാണ് യുദ്ധം ആരംഭിച്ചതെന്നും അതിനെ അടിച്ചമർത്താനാണ് റഷ്യ ശ്രമിച്ചതെന്നുമാണ് പുടിന്റെ വാദം. റഷ്യയ്‌ക്കെതിരെ ഉക്രെയ്‌നെ 'ബാറ്ററിംഗ് റാം' ആയി ഉപയോഗിച്ചുവെന്നും പുടിൻ ആരോപിച്ചു.

ഉക്രെയ്‌നിലെ തങ്ങളുടെ ശ്രമങ്ങൾ റഷ്യ ഉപേക്ഷിക്കില്ല. ബഹുമാനം, വിശ്വാസം, മാന്യത എന്നീ ആശയങ്ങൾ പാശ്ചാത്യർക്ക് വേണ്ടിയുള്ളതല്ല. അവർ ലോകത്തെ മുഴുവൻ കാർക്കിച്ചു തുപ്പുന്നത് പതിവാണെന്നും പുടിൻ വാദിക്കുന്നു.

അതേസമയം റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിന് ഉത്തരവാദി പടിഞ്ഞാറല്ല, പുടിനാണെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രതികരിച്ചു. ആരും റഷ്യയെ ആക്രമിക്കുന്നില്ല. റഷ്യ ഉക്രെയ്നിൽ നിന്നോ മറ്റാരിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള സൈനിക ഭീഷണിയിലാണെന്ന ധാരണയിൽ ഒരുതരം അസംബന്ധമുണ്ട്.

റഷ്യ ഉക്രെയ്നിലെ യുദ്ധം നിർത്തി നാട്ടിലേക്ക് പോയാൽ യുദ്ധം അവസാനിക്കും. ഉക്രെയ്ൻ യുദ്ധം നിർത്തുകയും അമേരിക്കയും സഖ്യവും അവരെ യുദ്ധത്തിൽ സഹായിക്കുന്നത് നിർത്തുകയും ചെയ്താൽ, ഉക്രെയ്ൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകും. അതിനാൽ ഈ യുദ്ധത്തിന് ആരാണ് ഉത്തരവാദികൾ എന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ വാക്കുകൾ നിങ്ങളോട് പറയുമെന്ന് താൻ കരുതുന്നുവെന്നും സുള്ളിവൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.