ലൈഫ് മിഷന്‍ അഴിമതി; മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ അഴിമതി; മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്മെന്റ് ഡ‍യറക്റ്ററേറ്റ്. തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസിലെത്താൻ രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചു.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ 2020 ൽ സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ അന്വേഷണ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു.

കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സി.എം രവീന്ദ്രന്‍ പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് അന്ന് രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ സംശയത്തിന്റെ മുള്‍മുനയിലാക്കിയിരുന്നു.

ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിര്‍ണായക പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം അടക്കം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും രവീന്ദ്രനെ ഒരുപോലെ സംരക്ഷിക്കുകയായിരുന്നു.

ഇതിനിടെ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാല് ദിവസത്തേക്ക് കൂടി കോടതി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇ.ഡി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.