ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 32 പേര്‍ മരിച്ചു; 85 പേര്‍ക്ക് ഗുരുതര പരിക്ക്

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: 32 പേര്‍ മരിച്ചു; 85 പേര്‍ക്ക് ഗുരുതര പരിക്ക്

ഗ്രീസ്: ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. ചൊവ്വാഴ്ച്ച ലാരിസ നഗരത്തിന് സമീപം ചരക്ക് തീവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. 85 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ തീവ്രത കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നുവെന്ന് ഫയര്‍ സര്‍വീസ് വക്താവ് പറഞ്ഞു.

വടക്കന്‍ ഗ്രസീലെ ലാരിസയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിന്‍ എതിരേ വന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരവധി കോച്ചുകള്‍ പാളം തെറ്റി. മൂന്നെണ്ണത്തിന് തീപിടിച്ചു. ട്രെയിനുകള്‍ കൂട്ടിയിടിച്ചതു മൂലമുണ്ടായ കനത്ത പുകയെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല.

തലസ്ഥാനമായ ഏതന്‍സില്‍ നിന്നും തെസലോനിക്കിയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഭീകരമായ അപകടമാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ പരസ്പരം ഇടിച്ചുകയറുകയായിരുന്നുവെന്നും വളരെ വേഗത്തില്‍ ആയിരുന്നു ഇവ സഞ്ചരിച്ചിരുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു

250 യാത്രക്കാരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഗ്രീക്ക് ഫയര്‍ സര്‍വീസ് അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളില്‍ എത്തിക്കാന്‍ സമീപത്തെ പല നഗരങ്ങളില്‍ നിന്നും ആംബുലന്‍സുകള്‍ എത്തി. നാല്‍പതിലധികം ആംബുലന്‍സുകളും 150 അഗ്‌നിശമന സേനാംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലാരിസയിലെ രണ്ട് ആശുപത്രികളെ എമര്‍ജന്‍സി ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.