ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കാലം ചെയ്ത മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന്റെ മൃത സംസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച്ച നടക്കും. രാവിലെ 9.30 ന് മൃത സംസ്‌കാര ശുശ്രൂഷയുടെ അടുത്ത ഘട്ടം ആരംഭിക്കും. വിശുദ്ധ കുര്‍ബാന, നഗരി കാണിക്കല്‍, സമാപന ശുശ്രൂഷ എന്നിങ്ങനെയാണ് ക്രമീകരണം.
സമാപന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മറ്റ് മെത്രാപോലീത്തമാര്‍, മെത്രാന്‍മാര്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും. ആയിരങ്ങള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് പിതവിന്റെ മൃതദേഹം ബിഷപ് ഹൗസില്‍ നിന്ന് മെത്രാപ്പോലീത്തന്‍ പള്ളിയിലേയ്ക്ക് കൊണ്ടു വന്നത്.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 6.30 ന് ബിഷപ് ഹൗസിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തിയിരുന്നു. ഏഴിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു വിലാപയാത്ര.
ബിഷപ് ഹൗസില്‍ നിന്നാരംഭിച്ച മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി മാര്‍ക്കറ്റ് ചുറ്റി മെത്രാപ്പോലീത്തന്‍ പള്ളിയിലെത്തി. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. തുടര്‍ന്ന് മൃതദേഹം പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചു.
പൗവ്വത്തില്‍ പിതാവിന്റെ സംസ്‌കാര ദിനമായ ബുധനാഴ്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. വെള്ളിയാഴ്ച്ച വരെ അതിരൂപതയില്‍ ദുഖാചരണമാണ്. ഏഴാം ചരമ ദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് മെത്രാപ്പോലിത്തന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.
മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സംസ്‌കാരം നടക്കുന്ന ബുധനാഴ്ച ചങ്ങനാശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആളെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യുക. വലിയ വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ആളെ ഇറക്കിയ ശേഷം എസ്.ബി കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുക
കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.ബി കോളജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി അവിടെ തന്നെ പാര്‍ക്ക് ചെയ്യുക. കറുകച്ചാല്‍ പ്രദേശത്തു നിന്നും എത്തുന്നവര്‍ റെയില്‍വേ ജങ്ഷനിലെത്തി ബൈപ്പാസ് റോഡിലൂടെ മതുമൂല വന്ന് എസ്.ബി കോളജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യണം.
കുട്ടനാട് ഭാഗത്തു നിന്നും എത്തുന്നവര്‍ എ.സി റോഡില്‍ നിന്നും ഇഎംഎസ് റോഡ് വഴി മാര്‍ക്കറ്റ് ഭാഗത്തെത്തി ആളുകളെ ഇറക്കി, ചെറിയ വാഹനങ്ങള്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് മൈതാനത്തും വലിയ വാഹനങ്ങള്‍ ചന്തക്കടവ് ഗ്രൗണ്ട് ബോട്ട് ജെട്ടി റോഡിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.