സമൂഹത്തിനു നല്‍കണം മികച്ച മാധ്യമ അവബോധം; വിശിഷ്യ യുവജനതയ്ക്ക്

സമൂഹത്തിനു നല്‍കണം മികച്ച മാധ്യമ അവബോധം; വിശിഷ്യ യുവജനതയ്ക്ക്

സിസി സോജന്‍
സ്വിറ്റ്സര്‍ലന്‍ഡ്


വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസത്തെയും സഭയെയും വീണ്ടും പടുത്തുയര്‍ത്തേണ്ടത് അനിവാര്യമാണ്. ദൈവം നമ്മെ വികസിത രാജ്യങ്ങളില്‍ ജോലിക്കായി കൊണ്ടുവന്നിരിക്കുന്നത് ഒരു പ്രേക്ഷിത ദൗത്യ നിര്‍വ്വഹണത്തിനു കൂടിയാണെന്ന ബോധ്യം നമുക്കുണ്ടാകണം.

ഒരു കാലത്ത് ക്രിസ്തീയത മുഖമുദ്രയായിരുന്ന രാജ്യങ്ങളില്‍ നഷ്ടപ്പെട്ടു പോകുന്ന വിശ്വാസ മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പരിശ്രമങ്ങളില്‍ ഏറ്റവും അനിവാര്യമായത് മാധ്യമ അവബോധം സമൂഹത്തിനു നല്‍കുകയാണ്. മാധ്യമങ്ങളിലൂടെ അറിയുന്നതു മുഴുവന്‍ സത്യമല്ലെന്നും പക്ഷം പിടിക്കാത്ത മാധ്യമങ്ങളില്ലെന്നുമുള്ള തിരിച്ചറിവ് ചെറുപ്പത്തിലേ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കണം. ഈ ലോകത്തെ ശരിയോടെയും വസ്തുനിഷ്ഠമായും വീക്ഷിക്കാന്‍ ശരിയായ മാധ്യമ അവബോധം അനിവാര്യമാണ്.

സഭയോടുള്ള സമീപനം, ധാര്‍മിക മൂല്യങ്ങള്‍, കുടുംബ ഭദ്രത, സ്വകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ആധുനിക മാധ്യമങ്ങളില്‍ അധികവും പുലര്‍ത്തുന്ന വിനാശകരമായ നയ സമീപനങ്ങള്‍ വിശ്വാസ സംരക്ഷണത്തിന് വിലങ്ങു തടിയാണ്. ഭ്രൂണഹത്യ, സ്വവര്‍ഗ ലൈംഗികത, ദയാവധം, അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം, അനധികൃത കുടിയേറ്റം തുടങ്ങിയ കാര്യങ്ങളിലെ മാധ്യമ സമീപനം വസ്തുനിഷ്ഠാപരമായി വിലയിരുത്തപ്പെടേണ്ടതും പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതുമാണ്. യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇതുമായി ബന്ധപ്പെട്ട മികച്ച പഠനങ്ങളും ചര്‍ച്ചാ ക്ലാസുകളും അനിവാര്യമാണ്.

വിശ്വാസത്തെ പടുത്തുയര്‍ത്തുന്ന നല്ല വീഡിയോകള്‍, വിശുദ്ധരുടെ കഥകള്‍, സിനിമകള്‍, കാര്‍ട്ടൂണുകള്‍, കളികള്‍ ഒക്കെ കൂടുതലായി കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരിലും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. മാധ്യമ ലോകത്തില്‍നിന്ന് നല്ലതു മാത്രമാണ് കുഞ്ഞുങ്ങള്‍ സ്വാംശീകരിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ ഗുണപരമായി ഉപയോഗിക്കണം. നമുക്കു ലഭിക്കുന്ന നല്ല സന്ദേശങ്ങള്‍, വീഡിയോ ഫിലിമുകള്‍, വിശ്വാസത്തിലേക്കു നയിക്കുന്ന യൂട്യൂബ് പരിപാടികള്‍ തുടങ്ങിയവ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം.

ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് അവരുടെ അഭിരുചികള്‍ക്ക് ഇണങ്ങുംവിധം മാധ്യമ വിശകലനത്തിനും വിചിന്തനത്തിനും അവസരം നല്‍കണം. അതുപോലെ തന്നെ എല്ലാ വിശ്വാസികള്‍ക്കും സഭാ സ്‌നേഹവും ഉണ്ടാകണം.

സഭ എന്നാല്‍ പുരോഹിതന്മാര്‍ മാത്രമാണെന്നു ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. ഈ ചിന്താഗതി മാറ്റേണ്ടതുണ്ട്. ഞാന്‍ ഉള്‍പ്പെടെ ഓരോ ക്രൈസ്തവനും ചേരുന്നതാണ് സഭ. ഓരോ ക്രൈസ്തവന്റെയും സഹകരണവും പ്രവര്‍ത്തനങ്ങളും കൂട്ടായ്മയുമെല്ലാം സഭയെ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനും തകരാതെ സൂക്ഷിക്കുന്നതിനും അനിവാര്യമാണ്.

സുവിശേഷ പ്രഘോഷണങ്ങള്‍ക്കും ആതുര ശുശ്രൂഷകള്‍ക്കുമെല്ലാമുള്ള ഉത്തരവാദിത്തം സന്യസ്തര്‍ക്കും മാത്രമല്ല, ഓരോ ക്രൈസ്തവനുമുണ്ട്. ഈ തിരിച്ചറിവ് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കൂടി പകര്‍ന്നു നല്‍കണം.

വിശ്വാസമില്ലാത്തവരോടു സംസാരിക്കുമ്പോള്‍ നമ്മുടെ ദൈവാനുഭങ്ങളും സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തുന്നത് നിരീശ്വര തത്വത്തിന്റെ ബന്ധനങ്ങള്‍ അഴിയാനും അവരില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ വിതറാനും ഇടയാക്കിയെന്നു വരാം.

ലൗകിക സ്വത്തിനേക്കാള്‍ ആത്മീയ സമ്പത്തായിരിക്കണം മാതാപിതാക്കള്‍ മക്കള്‍ക്ക് പ്രധാനമായും നല്‍കേണ്ടത്. ദൈവ വചനാധിഷ്ഠിതമായിട്ടുള്ള അത്ഭുതങ്ങള്‍, ദൈവം നടത്തിയ വഴികള്‍, ദൈവം കൂടെ നടന്ന അനുഭവങ്ങള്‍ എല്ലാം വി. ഗ്രന്ഥത്തില്‍നിന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.

ദൈവികതയെയും വിശ്വാസത്തെയും താറടിച്ചു കാണിക്കുന്നതും കളിയാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാതെ അതിനെതിരേ പ്രതികരിക്കുക.

സുവിശേഷ പ്രഘോഷണത്തിനും ആതുര ശുശ്രൂഷകള്‍ക്കും വേണ്ടിയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ധാരാളം അവസരങ്ങളുണ്ട്.

അന്യം നിന്നു പോകുന്ന വിശ്വാസ മൂല്യങ്ങളെ മനസിലാക്കി ജീവിക്കാനും പ്രവൃത്തിക്കാനുമുള്ള കൃപ എല്ലാവര്‍ക്കും ലഭിക്കാനായി നമുക്ക് ഓരോരുത്തര്‍ക്കും പരിശ്രമിക്കാം.

സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]

പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:

ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?.

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും

യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ

നവ സംരംഭകരായി പുതു തലമുറ വളരണം

സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം

ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് ദുര്‍ബലമാകുന്നു; നല്‍കണം ഈ അറിവ് കുട്ടികള്‍ക്ക്

വിശ്വാസം മറച്ചുവയ്ക്കാനുള്ളതല്ല; പ്രവര്‍ത്തികളിലൂടെയും ബാഹ്യ അടയാളങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.