വിശ്വാസം മറച്ചുവയ്ക്കാനുള്ളതല്ല; പ്രവര്‍ത്തികളിലൂടെയും ബാഹ്യ അടയാളങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തുക

വിശ്വാസം മറച്ചുവയ്ക്കാനുള്ളതല്ല; പ്രവര്‍ത്തികളിലൂടെയും ബാഹ്യ അടയാളങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തുക

ജിബി ജോയ്
ജസ്റ്റിസ് ഓഫ് പീസ്, പെര്‍ത്ത്


കൈസ്തവ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും ക്രിസ്തീയ ബാഹ്യരൂപങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് സീന്യൂസ് ലൈവ് അഡ്വസൈറി എഡിറ്റര്‍ പ്രകാശ് ജോസഫ് തുടങ്ങിവച്ച 'വിശ്വാസ മൂല്യങ്ങള്‍ക്ക് എങ്ങനെ ചിറകെട്ടാം' എന്ന ചര്‍ച്ചയ്ക്ക് വളരെയേറെ കാലിക പ്രാധാന്യം ഉണ്ട്.

ഈ പ്രതികൂല സാഹചര്യത്തില്‍ ക്രിസ്തുവിനെ അനുഭവിച്ചവര്‍ക്ക്, ക്രിസ്തുവിന്റെ സ്‌നേഹം രുചിച്ചറിഞ്ഞവര്‍ക്ക് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വമുണ്ട്. ഞാന്‍ ക്രിസ്ത്യാനിയാണ് എന്ന് പ്രവര്‍ത്തികളിലൂടെയും ആചാര അനുഷ്ഠാനങ്ങളിലൂടെയും വിശ്വാസത്തിന്റെ ബാഹ്യ രൂപങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തണം. നമ്മുടെ ജീവിതമാണ് നമ്മുടെ ഏറ്റവും വലിയ സാക്ഷ്യം. മതപീഠനം നടന്നിരുന്ന കാലത്തെന്നപോലെ ഞാനൊരു ക്രിസ്ത്യാനിയാണ് എന്ന് ആരെയും അറിയിക്കാതെയാണ് പല ക്രിസ്ത്യാനികളും ജീവിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം കൊന്ത ധരിച്ച് നടക്കുന്ന നിരവധി കുടുംബങ്ങള്‍ നമ്മുടെ ഇടവകയിലുണ്ട്. അവരുടെയെല്ലാം കൗദാശിക ജീവിതം വളരെ തീഷ്ണതയുള്ളതും, അചഞ്ചലവുമാണ്.

ഞാനും എന്റെ കുടുംബവും ചെയ്യുന്ന ചില എളിയ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന് മഹത്വം നല്‍കി പറഞ്ഞുകൊള്ളട്ടെ.

എന്റെ കുടുംബത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന അഞ്ചു പേരും യേശുവിന്റെ മുഖമാണ് സ്‌ക്രീനില്‍ കൊടുത്തിരിക്കുന്നത്. മൊബൈലില്‍ ഓരോ മെസേജും വരുമ്പോള്‍ യേശുവിന്റെ മുഖം തെളിഞ്ഞുവരും. ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ക്രൂശിതനായ യേശു. നൂറുകണക്കിന് വ്യക്തികള്‍ ഇത് ശ്രദ്ധിക്കാനും സംസാരിക്കാനും കാരണമായിട്ടുണ്ട്. എല്ലാ വിശ്വാസികളും ഇപ്രകാരം ചെയ്താല്‍ തന്നെ വലിയ മാറ്റം സമൂഹത്തില്‍ ഉണ്ടാകും.

ഞങ്ങളുടെ വീടിന്റെ മുറ്റത്ത് റോഡരികിലായി ഒരു മാലാഖയുടെ പ്രതിമയും, മുന്‍വശത്ത് ഗീവര്‍ഗീസ് പുണ്യാളന്റെ ഒരു ചിത്രവും വച്ചിട്ടുണ്ട്. സ്വാഭാവികമായും റോഡിലൂടെ പോകുന്ന എല്ലാവരും ഇത് ശ്രദ്ധിക്കാനും അഭിപ്രായം പറയാനും ഇടയായിട്ടുണ്ട്. യേശുവില്‍ വിശ്വസിക്കുന്ന വ്യക്തികളാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്ന് പതിവായി ഇതിലേ പോകുന്ന യഹോവ സാക്ഷികള്‍ക്ക് ഉള്‍പ്പെടെ അറിയാം.

വിശ്വാസികളായ ഓരോരുത്തര്‍ക്കും നാം ജീവിക്കുന്ന പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടുവരേണ്ടതിനുതകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആത്മീയ ഉത്തരവാദിത്വമുണ്ട്. അവിശ്വാസികളെ പ്രീതിപ്പെടുത്താന്‍ മതേതരനാകാന്‍ മത്സരിക്കുന്നവര്‍ ഒരു നാള്‍ എത്തിച്ചേരുന്നതും വിശ്വാസശോഷണത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമസ് ഞങ്ങള്‍ ആചരിക്കുമ്പോള്‍ ചുറ്റുപാടുള്ളവരെ എല്ലാം ഞങ്ങളുടെ പുല്‍ക്കൂട് കാണാന്‍ ക്ഷണിക്കാറുണ്ട്. ബൈബിള്‍ വചനങ്ങള്‍ വീടിന്റെ സൈഡില്‍ ബാനറുകളായി കെട്ടും. ക്രിസ്തുവിന്റെ ജനനം ഒരു ഐതിഹ്യമല്ല, മറിച്ച് ചരിത്ര സംഭവമാണ് എന്നുള്ള ഉള്‍ക്കാഴ്ച പകരുന്ന രീതിയിലാണ് പുല്‍ക്കൂട് ഒരുക്കാറ്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ നാണിക്കുന്ന കുടുംബമല്ല, അഭിമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേതെന്ന് ഈ പ്രദേശത്തുള്ളവര്‍ക്ക് ഇപ്പോള്‍ അറിയാം. ഈ പ്രാവശ്യം ക്രിസ്തുമസിനോടനുബന്ധിച്ച് ഞങ്ങള്‍ ചെയ്തത് പരിസരത്തുള്ള രണ്ടായിരം വീടുകളില്‍ ബൈബിള്‍ എത്തിക്കുകയാണ്.

ഓസ്ട്രേലിയയിലെ ക്രൈസ്തവ ജനസംഖ്യയില്‍ ആശങ്കാജനകമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായി അടുത്തിടെ പ്രസിദ്ധീകരിച്ച സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സുഖലോലുപതയില്‍ മുഴുകി പാപത്തില്‍ വ്യാപരിക്കുന്ന ഒരു സംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ വിശ്വാസ സമൂഹങ്ങള്‍ എല്ലാം തകരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അടിയന്തരമായി നാം വിശ്വാസ മൂല്യങ്ങളെ ചിറകെട്ടി സംരക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, അടുത്ത ജനസംഖ്യാ കണക്കെടുപ്പോടെ ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ ഭൂരിപക്ഷ സ്ഥാനം കൈവരിക്കും. അതിന് ഇടയാകാതിരിക്കാന്‍ നമുക്കുണര്‍ന്ന് പ്രവര്‍ത്തിക്കാം. അപ്രകാരം ചെയ്തില്ലെങ്കില്‍ നമ്മുടെ ഭാവി തലമുറകളെ അപകടം പിടിച്ച, ധാര്‍മിക മൂല്യങ്ങള്‍ അപ്രസക്തമായ ഒരു സമൂഹത്തിലേക്കായിരിക്കും നാം തള്ളിവിടുന്നത്.

സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]

പരമ്പരയുടെ ആറു ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:

ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?.

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും

യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ

നവ സംരംഭകരായി പുതു തലമുറ വളരണം

സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം

ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് ദുര്‍ബലമാകുന്നു; നല്‍കണം ഈ അറിവ് കുട്ടികള്‍ക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.