ബിജു ജോര്‍ജ്
ഐടി പ്രൊഫഷണല്‍
ന്യൂസിലന്‍ഡ്
ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ച ദൈവീകമായ കാര്യങ്ങളോട് എതിരിട്ടു നില്‍ക്കുന്നുവെന്ന തെറ്റിദ്ധാരണ മൂലമാണ് പുതു തലമുറ ആത്മീയ കാര്യങ്ങളോട് അകല്‍ച്ച പുലര്‍ത്തുന്നത്. ദൈവം എന്നത് ബുദ്ധി ഉള്ളവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ലെന്ന് പല കുട്ടികളും മാതാപിതാക്കളും ധരിച്ചുവച്ചിരിക്കുന്നു. എന്നാല്‍ ശാസ്ത്രവും ദൈവീക വിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അനുദിനം നേര്‍ത്തു വരുന്നതിന്റെ യഥാര്‍ത്ഥ ചിത്രം പുതു തലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ സഭയും നേതൃത്വവും വേണ്ട വിധം വിജയിക്കുന്നില്ല.
സ്‌കൂള്‍ പഠനം ഹൈസ്‌കൂള്‍ തലത്തിലേക്കു കടക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ ഉള്ളില്‍ നിരവധി ചോദ്യശരങ്ങള്‍ ഉയരും. വിശ്വാസ പരിശീലന ക്ലാസില്‍ കേള്‍ക്കുന്ന ബൈബിളിലെ പ്രപഞ്ച സൃഷ്ടിയെക്കുറിച്ചുള്ള ഭാഗവും സയന്‍സില്‍ പ്രപഞ്ചത്തെക്കുറിച്ചു പറയുന്ന സിദ്ധാന്തങ്ങളും അവരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും ബിഗ് ബാങ് തിയറിയുമെല്ലാം മനസില്‍ ചോദ്യങ്ങളുടെ വിസ്‌ഫോടനം തന്നെ തീര്‍ക്കും. അതുവരെ മാതാപിതാക്കളും വിശ്വാസ പരിശീലകരും പഠിപ്പിച്ചതിനു വിപരീതമായി സയന്‍സ് പഠിച്ചു തുടങ്ങുമ്പോള്‍ അവന്റെ ഉള്ളില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നു.
എന്നാല്‍ ശാസ്ത്രത്തിന് എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവില്ലെന്നും ഈ പ്രപഞ്ചത്തിനു പിന്നില്‍ അദൃശ്യമായ ഒരു ശക്തി ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഈ രംഗത്ത് അനുദിനം പ്രബലപ്പെടുന്നുവെന്ന സത്യം കുട്ടികള്‍ക്ക് ഫലപ്രദമായി പകര്‍ന്നു നല്‍കുന്നതില്‍ നാം പരാജയപ്പെടുന്നു.
ഒരു കാര്യം സത്യമാണ്. ഈ പ്രപഞ്ചം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. ആരാണ് ഈ പ്രപഞ്ചത്തെ ഇത്ര മനോഹരമായും കൃത്യമായ ആസൂത്രണത്തോടെയും സൃഷ്ടിച്ചത്? മറ്റു ഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭൂമിയില്‍ മാത്രം ജീവന്‍ നിലനില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. സുര്യനും ഭൂമിയും തമ്മിലുള്ള നിശ്ചിത അകലം, നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം, കോടാനുകോടി നക്ഷത്രങ്ങളുടെ ചലനം, മറ്റ് ഗാലക്‌സികള്‍, ഭൂമിയില്‍ മാത്രമുള്ള മനുഷ്യ ജീവന്റെ സാന്നിധ്യം തുടങ്ങി പ്രപഞ്ചം നിറയെ അത്ഭുതമാണ്.
ഒരു ആറ്റം എടുത്താല്‍ പോലും ഒരു ന്യൂക്ലിയസ്, അതിനു ചുറ്റും വെല്‍ട്യൂണ്‍ഡ് ആയ ഇലക്‌ട്രോണ്‍സ്... ഇതെല്ലാം അത്ഭുതമാണ്. ഇവ തെറ്റിയാല്‍ പിന്നെ മാറ്റര്‍ (Matter) ഇല്ല.
ശാസ്ത്ര ശാഖയായ ക്വാണ്ടം മെക്കാനിക്‌സിന്റെ വളര്‍ച്ച യഥാര്‍ത്ഥത്തില്‍ ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള അകലം നേര്‍ത്തതാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫിസിക്സില്‍ നോബല്‍ പ്രൈസ് കിട്ടിയ മൂന്നു ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തത്തിലേക്കു വരാം.
entangled photons എന്ന വിഷയത്തെ സംബന്ധിച്ച കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം നല്‍കിയത്. quantum information science ദ്രുതവേഗത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന് പോലും മുഴുവനായി ഉത്തരം നല്‍കാന്‍ കഴിയാതിരുന്ന ഒരു മേഖലയ്ക്കാണ് ഇവര്‍ ഉത്തരം നല്‍കിയത്.
ഇതെന്താണെന്ന് ചുരുക്കിപ്പറഞ്ഞാല്‍ ഒരു particle split ഉണ്ടാകുന്നു. ഉദാഹരണമായി പാര്‍ട്ടിക്കിള്‍ എ വിഘടിച്ച് പാര്‍ട്ടിക്കിള്‍ ബിയും സിയും ഉണ്ടാകുന്നു. എന്നാല്‍ പാര്‍ട്ടിക്കിള്‍ ബിയുടെയും സിയുടെയും സ്വഭാവം ബന്ധപ്പെട്ടിരിക്കുന്നു. അത് എത്ര അകലത്തിലേക്ക് പോയാലും പാര്‍ട്ടിക്കിള്‍ തമ്മില്‍ ഒരു ബന്ധം കാണുന്നു.
ആയിരക്കണക്കിന് പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ നടത്തിയിട്ടും അത്ഭുതകരമായ ഈ പാര്‍ട്ടിക്കിള്‍ ബന്ധം കാണാന്‍ സാധിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പറഞ്ഞത് ഈ പാര്‍ട്ടിക്കിള്‍ ബന്ധം അതിന്റെ ബര്‍ത്ത് ടൈമില്‍ ഉണ്ടായതെന്നാണ്. പക്ഷേ കണ്ടുപിടുത്തത്തിലൂടെ മനസിലായി ഈ പാര്‍ട്ടിക്കിളുകള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ അപ്പോള്‍ തന്നെ മറ്റേ പാര്‍ട്ടിക്കിളില്‍ പ്രതിബിംബിക്കുന്നു എന്ന്.
എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു എന്നതിന്റെ കാരണം ഒരു ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടില്ല. ഇത് നിഗൂഡമായി തുടരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഏതോ ഒരു ശക്തി ഈ പ്രപഞ്ചത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് നാം ചൂണ്ടിക്കാട്ടുന്ന ദൈവം. quantum mechanics-ന്റെ വളര്‍ച്ച യഥാര്‍ത്ഥത്തില്‍ സയന്‍സും സ്പിരിച്വാലിറ്റിയും തമ്മിലൂള്ള അകലം നേര്‍ത്തതാക്കി കൊണ്ടുവന്നിരിക്കുകയാണ്. സയന്‍സ് പൂര്‍ണമല്ലെന്നും ദൈവം ഉണ്ടെന്നുമുള്ള ഒരു ബോധ്യം കുട്ടികളുടെ മനസില്‍ ഉണ്ടാക്കാന്‍ സാധിക്കണം
കുട്ടികളോ യുവാക്കളോ തങ്ങളുടെ സംശയങ്ങള്‍ ഒന്നും സഭാ നേതൃത്വത്തോടോ മുതിര്‍ന്നവരോടോ ചോദിക്കില്ല. അതുകൊണ്ട് നാം മുന്‍കൈ എടുത്തു കുട്ടികളെ പഠിപ്പിക്കണം. ഒറ്റ ചോദ്യത്തിലൂടെ തന്നെ ബിഗ് ബാങ് പ്രിന്‍സിപ്പല്‍ പൊളിക്കാം. ബിഗ്ബാങ്ങിനു കാരണമായ കണങ്ങള്‍ എവിടെ നിന്നുണ്ടായി? എങ്ങനെ ഉണ്ടായി? എന്നതിന് ഉത്തരമില്ല.
ഡാര്‍വിന്‍ തിയറിയിലെ സംശയങ്ങള്‍ ഒരുപാട് ശാസ്ത്രജ്ഞര്‍ ഉന്നയിച്ചിട്ടുണ്ട്. ഡാര്‍വിന്‍ തിയറിക്കും ബിഗ് ബാങ് തിയറിക്കും ഉത്തരം നല്‍കാനാവാത്ത കാര്യങ്ങള്‍ കുട്ടികളെയും യുവാക്കളെയും പറഞ്ഞു മനസിലാക്കണം. ശാസ്ത്രവും ദൈവ വിശ്വാസവും തമ്മില്‍ ബന്ധപ്പെടുത്തുന്ന ചര്‍ച്ചാ ക്ലാസുകളും പഠന ശിബിരങ്ങളും ഡിബേറ്റുകളുമെല്ലാം നമ്മുടെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി മാറ്റണം.
ദൈവത്തിന്റെ മഹത്തായ സൃഷ്ടികര്‍മ്മത്തെക്കുറിച്ചുള്ള കുട്ടികളുടെ മനസിലുള്ള ആശയക്കുഴപ്പം ചെറുപ്പത്തില്‍ തന്നെ മാറ്റിയെടുക്കണം. ഇത് ഒരു ക്ലാസിലൂടെയോ ഒരു സെഷനിലൂടെയോ നടക്കുകയില്ല. തുടര്‍ച്ചയായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇതിനായി അനേകം ശാസ്ത്രജ്ഞരുടെ ജേര്‍ണലുകളും വീഡിയോകളും ലഭ്യമാണ്. കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ച് കൂടൂതല്‍ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന രീതിയിലേക്ക് നമ്മള്‍ ഇത്തരം സെഷനുകളെ മാറ്റിയാല്‍ മാത്രമേ ഇത് പ്രയോജനം ചെയ്യുകയുള്ളൂ.
ബൈബിളില്‍ പറഞ്ഞിട്ടുള്ള ഏഴു ദിവസത്തെ സൃഷ്ടിയും സയന്‍സില്‍ പറയുന്ന പ്രപഞ്ച സൃഷ്ടിയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് അനേകരുടെ വാദം. ബെനഡിക്ട് മാര്‍പ്പാപ്പ തന്നെ ഒരിക്കല്‍ പറഞ്ഞത്, പ്രപഞ്ചത്തിന്റെ ആയുസ് ഒരുപക്ഷേ മില്യണ്‍ അല്ലെങ്കില്‍ ട്രില്യണ്‍ വര്‍ഷങ്ങള്‍ ആകാമെന്നാണ്. ബൈബിളിന്റെ ആദ്യ വാചകത്തില്‍ തന്നെ അതിനുള്ള ഉത്തരമുണ്ട്. ആകാശവും ഭൂമിയും എന്നതിന്റെ ഹീബ്രൂ അര്‍ത്ഥം യൂണിവേഴ്‌സ് എന്നാണ്. ഈ രൂപ രഹിതമായിരുന്ന യൂണിവേഴ്‌സിന്റെ കാലിയളവ് എത്രയാണെന്ന് ബൈബിളില്‍ പറയുന്നില്ല. അതാണ് പാപ്പാ പറഞ്ഞത് 'it can be million or trillion years'.
ഏഴു ദിവസത്തെ പ്രപഞ്ച സൃഷ്ടിയിലെ ഒരു ദിവസം എന്ന് പറയുന്നത് നാം ഇന്ന് കാണുന്ന 24 മണിക്കൂര്‍ അല്ല എന്ന് സ്ഥാപിക്കലാണ്. എളുപ്പം അതിന് സാധിക്കും. ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തില്‍ നിന്നും നാലാം ദിവസമാണ് സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത് എന്നു കാണാം. അങ്ങനെയാണെങ്കില്‍ നാലാം ദിവസം മുതലാണ് 24 മണിക്കൂര്‍ സമയക്രമം തുടങ്ങാന്‍. വിശുദ്ധ പത്രോസ് ശ്ലീഹയുടെ ലേഖനത്തില്‍ പറയുന്നുണ്ട്, ദൈവത്തിന് ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍ പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്.
സെന്റ് അഗസ്റ്റിന്‍ തന്റെ കണ്‍ഫഷന്‍സ് എന്ന പുസ്തകത്തില്‍ പറയുന്നത്, ദൈവം സമയത്തിന് പുറത്താണ് മനുഷ്യര്‍ക്കാണ് സമയം എന്ന്. ഒരു അധ്യായം തന്നെ അദ്ദേഹം അതിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടിയെ പ്രതിപാദിക്കുന്ന അനേകം ലേഖനങ്ങളും വീഡിയോകളും ഇക്കാലത്ത് ലഭ്യമാണ്. ഇതെല്ലാം ഉപയോഗിച്ച് പഠിപ്പിക്കണം.
വിശ്വാസവും യുക്തിയും
ദൈവത്തിന്റെ സാന്നിധ്യം തെളിയിക്കാന്‍ യുക്തിയിലൂടെ ചിന്തിക്കുന്നത് ശരിയാണോ എന്ന് ചിലപ്പോള്‍ തോന്നും എന്നാല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ വിശ്വാസവും യുക്തിയും എന്ന ചാക്രിക ലേഖനത്തിലൂടെ പറയുന്നുണ്ട്, പ്രകാശിതമായ യുക്തിക്ക് ദൈവത്തില്‍ എത്തിച്ചേരാന്‍ സാധിക്കും എന്ന്. യുക്തി ഒരിക്കലും ദൈവത്തിനെതിരല്ല. അപ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് പ്രകാശിതമായ യുക്തിയിലൂടെ അവരുടെ ദൈവാന്വേഷണത്തെ ത്വരിതപ്പെടുത്താനും അപ്രകാരം സൃഷ്ടാവായ ദൈവത്തെ, വചനം മാംസമായ ദൈവത്തെ കണ്ടെത്താനും സാധിക്കും.
പ്രപഞ്ചസ്യഷ്ടിക്ക് പിന്നിലുള്ള അജ്ഞാതനായ, ശക്തനായ ദൈവം മനുഷ്യനായി അവതരിച്ച് മനുഷ്യര്‍ക്ക് പ്രതൃക്ഷനായി നമുക്ക് ജീവനും ജ്ഞാനവും അസ്ഥിത്വവും നല്‍കുന്നു എന്ന നിത്യമായ സത്യം വിശ്വാസികളെ പറഞ്ഞ് മനസിലാക്കുമ്പോള്‍ അവരുടെ തന്നെ ബുദ്ധിയും യുക്തിയും പ്രകാശിതമായി വിശ്വാസം ശക്തിപ്പെടും. സയന്‍സ് എത്ര വളര്‍ന്നാലും ദൈവത്തിന്റെ അദൃശ്യ കരം ഇവിടെത്തന്നെയുണ്ട്.
സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]
പരമ്പരയുടെ അഞ്ച് ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:
ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?.
ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും
യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ
നവ സംരംഭകരായി പുതു തലമുറ വളരണം
സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v