ഷഹരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ്; ഫോണും ആധാറും പാന്‍ കാര്‍ഡും പിടിച്ചെടുത്ത് കേരള പൊലീസിന് കൈമാറി

ഷഹരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ്;  ഫോണും ആധാറും പാന്‍ കാര്‍ഡും പിടിച്ചെടുത്ത് കേരള പൊലീസിന് കൈമാറി

ന്യൂഡല്‍ഹി: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീ വച്ച കേസില്‍ പിടിയിലായ പ്രതി ഷഹരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ് അറിയിച്ചു. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, എ.ടി.എം, ആധാര്‍, പാന്‍ കാര്‍ഡുകളും പിടിച്ചെടുത്തു. തുടരന്വേഷണത്തിനായി ഇവ കേരള പൊലീസിന് കൈമാറിയെന്നും മഹാരാഷ്ട്ര എ.ടി.എസ് വ്യക്തമാക്കി.

മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ രത്‌നഗിരിയില്‍ നിന്ന് ചൊവ്വാഴ്ച പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പൊലീസ് പിടിയിലാകും മുമ്പ് ഇയാള്‍ രത്‌നഗിരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര എ.ടി.എസും രത്‌നഗിരി പൊലീസും ചേര്‍ന്ന് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയത്.

അതേസമയം ഷഹരൂഖ് സെയ്ഫിയുമായി കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തേക്ക് യാത്ര തിരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ കേരള പൊലീസിന് കൈമാറിയത്.

ഇതിന് മുന്‍പ് എന്‍.ഐ.എയും മഹാരാഷ്ട്ര എ.ടി.എസും പ്രതിയെ ചോദ്യം ചെയ്തിരുന്നു. വധശ്രമം, പരിക്കേല്‍പിക്കല്‍, സ്‌ഫോടക വസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷഹരൂഖിനെതിരെ ഇ്‌പ്പോള്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.