ഫെയ്സ് സിറം: നല്ലതിനെ തിരിച്ചറിയാം

ഫെയ്സ് സിറം: നല്ലതിനെ തിരിച്ചറിയാം

ക്രീമുകള്‍, ഫെയ്സ് വാഷ്, സണ്‍സ്‌ക്രീന്‍, മോയിസ്ചറൈസര്‍ എന്ന് തുടങ്ങി പല തരത്തിലുള്ള ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നമുക്ക് സുപരിചിതമാണ്. ഇക്കൂട്ടത്തിലേക്കാണ് തലയെടുപ്പോടെ ഫെയ്സ് സിറത്തിന്റെ കടന്നുവരവ്. കുറച്ച് വര്‍ഷങ്ങളായി പല തരത്തിലുള്ള ഫെയ്സ് സിറങ്ങള്‍ സൗന്ദര്യ വിപണിയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. പരസ്യങ്ങള്‍ കണ്ട് ധാരാളം പേര്‍ കണ്ണുംപൂട്ടി ഇവ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ശരിക്കും ഫെയ്സ് സിറം നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമാണോ? ആണെങ്കില്‍ ഏത് ഫെയ്സ് സിറം ആണ് നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യം? എങ്ങനെ പുരട്ടണം? ഈ കാര്യങ്ങളെല്ലാം വിശദമായി മനസിലാക്കാം.

ഫെയ്സ് സിറം

ഇന്‍സ്റ്റാഗ്രാം ഫീഡ് സ്‌ക്രോള്‍ ചെയ്ത് പോകുമ്പോഴോ, യൂട്യൂബ് വീഡിയോ കാണുമ്പോഴോ ഒക്കെ പല തരം സിറങ്ങള്‍ ഇതിനോടകം നിങ്ങളും കണ്ടിട്ടുണ്ടാകാം. ഇന്‍ഫ്‌ളുന്‍സര്‍മാര്‍ ഇതിന്റെ ഗുണങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് കേട്ട് രണ്ടാമതൊന്ന് ആലോചിക്കാതെ വാങ്ങാന്‍ പോകുന്നതിന് മുമ്പ് സിറം ആവശ്യകതയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും അറിയാം.

ചര്‍മ്മ പ്രശ്‌നങ്ങളെ നേരിടാന്‍ പല തരത്തിലുള്ള സിറങ്ങള്‍ ലഭ്യമാണ്. തെറ്റായ സിറം ഉപയോഗിക്കുന്നവരാണെങ്കിലോ ഒരു സിറം ആദ്യമായി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആണെങ്കിലോ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

എന്തിനാണ് സിറം ഉപയോഗിക്കേണ്ടത്?

മുഖം സുന്ദരമായി കാണപ്പെടാനാണ് നമുക്കൊക്കെ ഇഷ്ടം. ഇതിന് സഹായിക്കുന്ന ഒന്നാണ് ഫെയ്സ് സിറം എന്ന് ലളിതമായി പറയാം. പല ആളുകള്‍ക്കും പല രീതിയിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ സഹായിക്കും വിധമാണ് സിറങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇതിലെ ചേരുവകള്‍ ചര്‍മ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിച്ച് ആ ചര്‍മ്മ പ്രശ്‌നത്തില്‍ നിന്ന് ക്രമേണ രക്ഷ നേടാന്‍ സഹായിക്കുന്നതൊപ്പം ചര്‍മ്മത്തെ മനോഹരമാക്കുകയും ചെയ്യുന്നു.

ജെല്‍ അല്ലെങ്കില്‍ ലിക്വിഡ് ഫോര്‍മേഷനുകളില്‍ ആണ് ഫെയ്സ് സിറം ലഭിക്കുക. മറ്റ് സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളിലേത് പോലെ ഇവയില്‍ ഒരുപാട് ചേരുവകള്‍ ഉണ്ടാകില്ല. പകരം ചര്‍മ്മ പ്രശ്‌നത്തെ നേരിടാന്‍ ഗുണകരമായ ആക്റ്റീവ് ഇന്‍ഗ്രീഡിയന്റ് ആകും കൂടുതല്‍. കൂടാതെ ഭാരം കുറഞ്ഞ കണ്‍സിസ്റ്റന്‍സി ഫെയ്സ് സിറങ്ങളെ കൂടുതല്‍ ജനപ്രിയമാക്കുന്നു.

പല തരം സിറങ്ങള്‍

ഹൈഡ്രേറ്റിങ്, സ്‌കിന്‍ ബ്രൈറ്റനിങ്, എക്‌സ്‌ഫോളിയേറ്റിങ്, ആന്റി-ഏജിങ് തുടങ്ങി പല തരത്തിലുള്ള സിറങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചാടി കേറി വാങ്ങുന്നതിന് മുമ്പ് ഓരോ സിറവും ഏത് തരം പ്രശ്നത്തിനാണ് ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം ഓരോ സിറം തിരഞ്ഞെടുക്കുമ്പോഴും അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്നു.

ഉദാഹരണത്തിന് വരണ്ടതോ നിര്‍ജ്ജലീകരണം സംഭവിച്ചതോ ആയ ചര്‍മ്മത്തിന് ഹൈഡ്രേറ്റിങ് ഫെയ്സ് സിറം ഉപയോഗിക്കുന്നതാണ് നല്ലത്. മുഖക്കുരുവിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായുള്ളവര്‍ക്ക് ഒരു എക്‌സ്‌ഫോളിയേറ്റിങ് സിറം തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.

നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം ഏതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒന്നിലേറെ ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഇത് മനസിലാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.