ബീജിങ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ഒരു മണിക്കൂറോളം നീണ്ട ഫോണ്‍ സംഭാഷണമാണ് ഇരുവരും നടത്തിയതെന്ന് സെലന്‍സ്‌കിയുടെ വക്താവ് സെര്‍ഗി നൈകൈഫോറോവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ദീര്‍ഘവും അര്‍ത്ഥവത്തായതുമായ സംഭാഷണം നടത്തിയെന്ന് സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വികാസത്തിന് ഈ സംഭാഷണം ശക്തമായ പ്രചോദനം നല്‍കുമെന്നും സെലന്‍സ്‌കി പറഞ്ഞു. തങ്ങള്‍ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നതെന്ന് ഫോണ്‍ സംഭാഷണം സ്ഥിരീകരിച്ച് ചൈനയും അവകാശപ്പെട്ടു.
ഉക്രെയ്ന്‍ യുദ്ധത്തില്‍ എല്ലായ്‌പ്പോഴും തന്ത്രപരമായ നിലപാടായിരുന്നു ചൈന സ്വീകരിച്ചത്. സമാധാനത്തിന് വേണ്ടി ആഹ്വനം ചെയ്തുവെങ്കിലും ഒരിക്കല്‍ പോലും ചൈന, റഷ്യയുടെ അധിനിവേശത്തെ അപലപിക്കുകയോ സൈന്യത്തെ പിന്‍വലിക്കാന്‍ പരസ്യമായി ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്ക് ചൈന പിന്തുണ നല്‍കുമെന്ന് അറിയിച്ചതായി സെലന്‍സ്‌കി വ്യക്തമാക്കി. യുദ്ധം കാരണം ഉക്രെയ്‌നിലുണ്ടായ പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നും പ്രശ്‌നങ്ങളുടെ രാഷ്ട്രീയ പരിഹാരത്തിനായി എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്താന്‍ ഒരു പ്രതിനിധിയെ അയയ്ക്കുമെന്നും ഷീ സെലന്‍സ്‌കിയോട് പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ലി ഹുയിയെ ആയിരിക്കും ചര്‍ച്ചയ്ക്കായി അയയ്ക്കുകയെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2009 മുതല്‍ 2019 വരെ റഷ്യയിലെ മുന്‍ ചൈനീസ് അംബാസഡറായിരുന്നു ലി. എന്നാല്‍ ലീ ഏതൊക്കെ രാജ്യങ്ങളില്‍ എപ്പോള്‍ സന്ദര്‍ശനം നടത്തും എന്നതിനെക്കുറിച്ചുള്ള വിവരം ചൈനീസ് മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇതിനോടകം അഞ്ച് തവണ ചൈനീസ് പ്രസിഡന്റ് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മോസ്‌കോയില്‍ വച്ചാണ് പുടിനും ഷീയും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിച്ച് റഷ്യ
അതിനിടെ ചൈനീസ് പ്രസിഡന്റും സെലന്‍സ്‌കിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധയില്‍പ്പെട്ടതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വ്യക്തമാക്കി. സമാധാന ചര്‍ച്ചയ്ക്കായുള്ള ചൈനയുടെ പിന്തുണ ശ്രദ്ധയില്‍പ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും റഷ്യ വ്യക്തമാക്കി. നേരത്തെ ഷി ജിന്‍പിങിന്റെ മോസ്‌കോ സന്ദര്‍ശനത്തിനിടെ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ടുവച്ച സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞിരുന്നു. ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധം അവസാനിപ്പിക്കുക, സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കുക തുടങ്ങി 12 നിര്‍ദേശങ്ങളാണ് ചൈന റഷ്യയ്ക്ക് മുന്‍പില്‍ വച്ചിരിക്കുന്നത്.
പിന്തുണച്ച് വൈറ്റ് ഹൗസ്
ഷി ചിന്‍പിങ്ങും സെലന്‍സ്‌കിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്തു. 'ഫോണ്‍ സംഭാഷണം നടക്കുമെന്നതിനെക്കുറിച്ച് മുന്‍കൂറായി അറിഞ്ഞിരുന്നില്ല. ഈ നീക്കം സമാധാനം കൊണ്ടുവരുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇതൊരു നല്ല കാര്യമാണ്' - വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.