എഐ ക്യാമറ ഇടപാടില്‍ എ.ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും.
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ മറച്ചു വച്ചിരുന്നതായി രേഖകള്‍. പദ്ധതിയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് പുറംകരാര്‍ ലഭിച്ച പ്രസാഡിയോ ടെക്നോളജീസ്, ട്രോയിസ് ഇന്‍ഫോടെക് എന്നീ കമ്പനികളായിരുന്നു.
ഇവരുടെ സാന്നിധ്യം പദ്ധതിയുടെ തുടക്കം മുതലുണ്ടായിട്ടും സര്‍ക്കാരും കെല്‍ട്രോണും ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു. കെല്‍ട്രോണ്‍ ആണ് എല്ലാം ചെയ്യുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.
പദ്ധതിയുടെ നടത്തിപ്പ് മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിനെ ഏല്‍പിച്ചു. അവര്‍ എസ്.ആര്‍.ഐ.ടിക്ക് കൈമാറി. ടെന്‍ഡറില്‍ നേരിട്ടു പങ്കെടുക്കാനുള്ള സാങ്കേതിക മികവില്ലാതിരുന്ന എസ്.ആര്‍.ഐ.ടി, ട്രോയിസ് ഇന്‍ഫോടെക്കിനെയും മീഡിയോ ട്രാണിക്സിനെയും കൂട്ടുപിടിച്ചു.
അങ്ങനെ നേടിയ കരാര്‍ പിന്നീട് പ്രസാഡിയോ ടെക്നോളജീസിനു മറിച്ചുകൊടുത്തു. പ്രസാഡിയോ കോഴിക്കോട്ടെ അല്‍ഹിന്ദ് ഗ്രൂപ്പുമായും അവര്‍ പിന്‍മാറിയപ്പോള്‍ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്ററിനെയും അവരും മാറിയപ്പോള്‍ ഇസെന്‍ട്രിക് സൊലൂഷന്‍സിനെയും കൂട്ടുപിടിച്ചു.
അങ്ങനെ ഇസെന്‍ട്രിക് സൊലൂഷന്റെ സാമ്പത്തിക സഹായത്തോടെയും ട്രോയിസിന്റെയും മീഡിയാട്രോണിക്സിന്റെയും സാങ്കേതിക സഹായത്തോടെയും പ്രസാഡിയോ ചുക്കാന്‍ പിടിച്ചു. ഈ കമ്പനികളുടെ മേധാവികള്‍ക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ട്.
എഐ ക്യാമറ ഇടപാടില്‍ എ.ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാര്‍ശ ചെയ്താല്‍ എ.ഐ ക്യാമറ ഇടപാട് അടക്കം കെല്‍ട്രോണ്‍ ഇടനിലക്കാരായ വന്‍കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും.
വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടും അടുത്തയാഴ്ച നല്‍കും. എഐ കാമറയില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് 27 മുതല്‍ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.