ഉയർന്ന ലക്ഷ്യങ്ങൾ ഉന്നം വയ്ക്കുക: ലക്ഷ്യസാദ്ധ്യം മറ്റുള്ളവരെ നശിപ്പിച്ചുകൊണ്ടല്ല, സേവനം ചെയ്തുകൊണ്ടാവണം; ഹംഗറിയിലെ യുവജനങ്ങളോട് മാർപ്പാപ്പ

ഉയർന്ന ലക്ഷ്യങ്ങൾ ഉന്നം വയ്ക്കുക: ലക്ഷ്യസാദ്ധ്യം മറ്റുള്ളവരെ നശിപ്പിച്ചുകൊണ്ടല്ല, സേവനം ചെയ്തുകൊണ്ടാവണം; ഹംഗറിയിലെ യുവജനങ്ങളോട് മാർപ്പാപ്പ

ജോസ്‌വിൻ കാട്ടൂർ

ബുഡാപെസ്റ്റ്: തന്റെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസം ഹംഗറിയിലെ യുവജനങ്ങളുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി. ബുഡാപെസ്റ്റിലെ പാപ്പ് ലാസ്ലോ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ, സഭയുടെയും ലോകത്തിന്റയും ചരിത്രത്തിൽ മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത സ്ഥാനമാണ് അവർക്കുള്ളതെന്നും അതിനാൽ ഉന്നതമായ ലക്ഷ്യങ്ങളോടെ ജീവിക്കാൻ എപ്പോഴും ഉത്സാഹിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ അവരെ ഓർമ്മപ്പെടുത്തി. ഉന്നം വയ്ക്കുന്ന ലക്ഷ്യങ്ങൾ ഉയർന്നതായിരിക്കണമെന്നും ലക്ഷ്യ സാദ്ധ്യം മറ്റുള്ളവരെ ചവിട്ടിമെതിച്ചു കൊണ്ടല്ല, അവർക്ക് സേവനം ചെയ്തു കൊണ്ടായിരിക്കണമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ജീവിതത്തിൽ മഹത്തായ ലക്ഷ്യങ്ങങ്ങൾ നേടുന്നതിനുവേണ്ടി തങ്ങളുടെ കഴിവും അധ്വാനവും വിനിയോഗിക്കാനും ഏറ്റവും മികച്ച പരിശീലകനായ യേശുവിനോട് നിരന്തരം പ്രാർത്ഥിച്ചുകൊണ്ട് അവ നേടിയെടുക്കാൻ പരിശീലിക്കാനും ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
യേശുവിനെ ഉറ്റ സുഹൃത്തും സഹോദരനുമായി സ്വീകരിച്ചുകൊണ്ട്, സർവ്വഭയങ്ങളെയും അതിജീവിച്ച്, അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറണമെന്ന് പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.

ഏകദേശം 12,000 പേർ പങ്കെടുത്ത ചടങ്ങിൽ, ഹംഗറിയിലെ യുവജന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് ഫെറൻക് പാലൻകിയാണ് സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചത്. അതിനു ശേഷം നാല് യുവതീയുവാക്കൻമാർക്ക് തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം ലഭിച്ചു. അവർ പങ്കുവച്ച കാര്യങ്ങൾ ശ്രദ്ധയോടെ കേട്ട പരിശുദ്ധ പിതാവ്, അവിടെ കൂടിയിരുന്ന യുവജനങ്ങളോട് ഇങ്ങനെ പറഞ്ഞു: ജീവിതത്തിൽ നമ്മൾ വലിയ കാര്യങ്ങൾ ചെയ്യണമെന്നാണ് യേശു ആഗ്രഹിക്കുന്നത്, നമ്മുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും അവിടുന്ന് ഒരിക്കലും ചെറുതായി കാണുന്നില്ല.
നമ്മൾ അലസരായിക്കാൻ യേശു ആഗ്രഹിക്കുന്നില്ല, നാം നിശബ്ദരും ഭീരുക്കളുമായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല; പകരം ഉന്മേഷത്തോടെ നമ്മുടെ ചുമതലകൾ ഏറ്റെടുക്കാൻ നാം തയ്യാറാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു - മാർപ്പാപ്പ പറഞ്ഞു. ജീവിതവിജയവും കായിക മത്സരങ്ങളിലെ വിജയവും താരതമ്യപ്പെടുത്തിക്കൊണ്ട് പാപ്പാ ഇങ്ങനെ തുടർന്നു: ഉന്നതമായ ലക്ഷ്യങ്ങളുണ്ടായിരിക്കുക എന്നതാണ് രണ്ടിലും അടിസ്ഥാനപരമായ കാര്യം. നമ്മുടെ കഴിവുകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ലക്ഷ്യ സാധ്യത്തിനായി അവ സമർപ്പിക്കണം. ഒരിക്കലും മറ്റുള്ളവരെ ചവിട്ടിമെതിച്ചു കൊണ്ടായിരിക്കരുത്, പകരം അവർക്ക് സേവനങ്ങൾ ചെയ്തുകൊണ്ട് നാം മഹത്വം കൈവരിക്കണം.


പ്രാർത്ഥന, യേശുവുമായുള്ള സംഭാഷണം

യേശുവുമായി കൂടെക്കൂടെ സംഭാഷണത്തിൽ ഏർപ്പെടുക എന്നതാണ് ലക്ഷ്യം നേടാനുള്ള രണ്ടാമത്തെ പടിയെന്ന് മാർപ്പാപ്പ പറഞ്ഞു. യേശുവാണ് ഏറ്റവും മികച്ച പരിശീലകൻ. അവിടുന്ന് നമ്മിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. നമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാം ഒരിക്കലും ഒറ്റക്കല്ല എന്ന് അവിടുന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. പരസ്പരം അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട്, സഭയിലും സമൂഹത്തിലും ഒരു ടീമായി മുന്നേറുവാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു.

പ്രാർത്ഥനയിലേക്ക് നമ്മെ നയിക്കുന്ന നിശബ്ദത അഭ്യസിക്കുക എന്നുള്ളതാണ് ഈ പരിശീലനത്തിന്റെ മറ്റൊരു പ്രധാന ഘടകമെന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. ജീവിതം യന്ത്രങ്ങളെപ്പോലെ വേഗതയേറിയതും കാര്യക്ഷമതയുള്ളതും കൃത്യതയുള്ളതുമായിരിക്കണം എന്ന സന്ദേശമാണ് ലോകത്തിലെങ്ങും ഇന്നു കേൾക്കുന്നത്. എന്നാൽ ഇന്ധനം നിറയ്ക്കുന്നതു പോലെയും ബാറ്ററികൾ റീചാർജ് ചെയ്യുന്നതുപോലെയും ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് അല്പനേരം പിൻവാങ്ങുവാനും നാം പഠിക്കേണ്ടതുണ്ട് എന്ന് മാർപാപ്പ പറഞ്ഞു. എന്നാൽ ഇത് നമ്മുടെ പ്രശ്‌നങ്ങളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങാനോ, അവയുടെ മേൽ അടയിരിക്കാനോ ആകരുത്. മൊബൈൽ ഫോണിന്റെയോ സാമൂഹ്യ മാധ്യമങ്ങളുടെയോ ഉപയോഗത്തിൽ മുഴുകിയിരിക്കാനും ആകരുത്. പകരം നമ്മുടെ ചുറ്റുമുള്ള വരുമായുള്ള ബന്ധങ്ങൾ സുദൃഢമാക്കാനും നമ്മെ അലട്ടുന്ന പ്രശ്നങ്ങൾ, എന്തു തന്നെയായാലും അതെല്ലാം യേശുവിനെ ഭരമേൽപ്പിക്കാനും പ്രാർത്ഥനയിൽ നമ്മുടെ കൂട്ടുകാരെ ഓർത്തുകൊണ്ട് അവർക്കു വേണ്ടി പ്രാർത്ഥിക്കാനും നാം സമയം കണ്ടെത്തണം. പ്രാർത്ഥനയിലേക്കുള്ള വാതിൽ നമുക്കു തുറന്നു കിട്ടുന്നതും യേശുമായുള്ള സ്വതന്ത്ര സംഭാഷണത്തിൽ ഏർപ്പെടുവാൻ നമുക്കു സാധിക്കുന്നതും നിശ്ശബ്ദതയിലൂടെയാണ്. യേശുമായുള്ള കൂടിക്കാഴ്ചയുടെ അവസരമായി നമ്മുടെ പ്രാർത്ഥനകളെ മാറ്റുമ്പോൾ, പ്രാർത്ഥന ഒരിക്കലും വിരസമാവില്ല - മാർപ്പാപ്പാ പറഞ്ഞു.



കർത്താവിന് വിശ്വസ്തരായ ആളുകളെ വേണം

സുവിശേഷം നമ്മോട് പറയുന്നത്, അസാധാരണമായ ശേഷികൾ ഉള്ളവരെക്കൊണ്ടല്ല മറിച്ച് വിശ്വസ്തരായ സാധാരണക്കാരെക്കൊണ്ടാണ്
കർത്താവ് വലിയ കാര്യങ്ങൾ ചെയ്യിക്കുന്നത് എന്നാണ്. സ്വന്തം കഴിവുകളിൽ മാത്രം വിശ്വസിക്കുന്നവരും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നവരും ദൈവത്തെ അവരുടെ ഹൃദയത്തിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.

നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പരിപോഷിപ്പിക്കുപ്പെടുന്നതെന്ന് മാർപ്പാപ്പ പറഞ്ഞു. നമ്മുടെ ഭയങ്ങളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറാൻ ഇതു നമ്മെ സഹായിക്കും. യോഹന്നാന്റെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന അഞ്ചപ്പവും രണ്ട് മീനും വർധിപ്പിച്ച അത്ഭുതം അനുസ്മരിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിനൊടുവിൽ ഇപ്രകാരം പറഞ്ഞു. ഒരു യുവാവ് തന്റെ പക്കലുള്ള ചെറിയ അപ്പവും മീനും ജനക്കൂട്ടത്തെ പോറ്റാനായി പങ്കുവെച്ചതു പോലെ, നമുക്കുളളവയും യേശുവിന്റെ കൈകളിൽ ഏൽപ്പിക്കാൻ നാം പഠിക്കണം.
"നിങ്ങൾ ഓരോരുത്തരും യേശുവിനും എനിക്കും വിലപ്പെട്ടവരാണ്!" എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഹംഗറിയിലെ യുവജനങ്ങളുമായിട്ടുള്ള തന്റെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

വത്തിക്കാൻ ന്യൂസ് ഇതുവരെ വായിക്കാൻ 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.