'ഭാവിയില്ലാത്ത വൃദ്ധന്റെ വിഡ്ഢിത്തം': ദക്ഷിണ കൊറിയയുമായുള്ള ബൈഡന്റെ കരാറിനെ വിമര്‍ശിച്ച് കിമ്മിന്റെ സഹോദരി യോ ജോങ്

'ഭാവിയില്ലാത്ത വൃദ്ധന്റെ വിഡ്ഢിത്തം': ദക്ഷിണ കൊറിയയുമായുള്ള ബൈഡന്റെ കരാറിനെ വിമര്‍ശിച്ച് കിമ്മിന്റെ സഹോദരി യോ ജോങ്

പ്യോഗ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.

അമേരിക്കയ്‌ക്കോ സഖ്യ കക്ഷികള്‍ക്കോ നേരെ ആണവാക്രമണത്തിന് മുതിര്‍ന്നാല്‍ കിം ജോംഗ് ഉന്നിന്റെ ഭരണം അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യോ ജോങ് ബൈഡനെതിരെ തിരിച്ചടിച്ചത്.

കഴിഞ്ഞാഴ്ച അമേരിക്ക സന്ദര്‍ശിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളുമായി ബൈഡന്‍ സുപ്രധാന കരാറില്‍ ഒപ്പിട്ടിരുന്നു. ഉത്തര കൊറിയയുടെ ആണവ ഭീഷണിയെ ചെറുക്കാന്‍ ദക്ഷിണ കൊറിയക്ക് അമേരിക്കയുടെ സംരക്ഷണം നല്‍കുന്നതാണ് കരാര്‍.

തങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ ശത്രുതാപരമായ നയത്തിന്റെ ഉല്‍പന്നമാണ് കരാറെന്ന് യോ ജോങ് പറഞ്ഞു. വടക്ക് കിഴക്കന്‍ ഏഷ്യയുടെയും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളുടെയും സമാധാനവും സുരക്ഷിതത്വവും കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നതാകും ഇതിന്റെ ഫലമെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവര്‍ത്തിയാണെന്നും യോ ജോങ് പറഞ്ഞു.

അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് മേഖലയില്‍ എത്രത്തോളം ആണവ സാന്നിധ്യം സൃഷ്ടിക്കുന്നുവോ, അതിന്റെ ഇരട്ടിയായി ഉത്തര കൊറിയന്‍ ആയുധ ശേഖരം ഉയരും. ഭാവിയില്ലാത്ത വൃദ്ധന്റെ വിഡ്ഢിത്തം എന്ന് കരാറിനെ വിളിക്കാമെന്നും യോ ജോങ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ആണവായുധം വര്‍ഷിക്കാന്‍ ശേഷിയുള്ള മൂന്ന് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ അടക്കം ചുരുങ്ങിയത് 17 ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഉത്തര കൊറിയ ഈ വര്‍ഷം പരീക്ഷിച്ചെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ആകെ 70 ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.

അടിക്കടിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ ആണവായുധ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയയുടെ മേല്‍ അമേരിക്കയുടെ ആണവ കുട നിവര്‍ത്തുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് പ്രസിഡന്റ് യൂന്‍ സുക് യോളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബൈഡന്‍ നടത്തിയത്.

ഇരുനേതാക്കളും ഒപ്പിട്ട കരാര്‍ പ്രകാരം ദക്ഷിണ കൊറിയന്‍ തീരത്ത് അമേരിക്കന്‍ ആണവ അന്തര്‍വാഹിനി വിന്യസിക്കും. ശീതയുദ്ധ സമയത്താണ് ദക്ഷിണ കൊറിയന്‍ തീരത്ത് അമേരിക്കയുടെ ആണവ അന്തര്‍വാഹിനി അവസാനമായി വിന്യസിച്ചത്. ദക്ഷിണ കൊറിയന്‍ സൈന്യത്തിന് അമേരിക്ക കൂടുതല്‍ പരിശീലനവും നല്‍കും. കൂടാതെ അമേരിക്കന്‍ ബോംബറുകളും യുദ്ധവിമാനങ്ങളും മേഖലയില്‍ നിരീക്ഷണം നടത്തും.

ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ തന്ത്രപരമായ വിവരങ്ങള്‍ കൈമാറും. എന്നാല്‍, ദക്ഷിണ കൊറിയയില്‍ അമേരിക്കന്‍ ആണവായുധങ്ങള്‍ ശേഖരിക്കില്ല. ആണവ നിര്‍വ്യാപന കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ കൊറിയ തദ്ദേശീയമായി ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ല.

ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു ആണവ പ്രകോപനത്തിനും അമേരിക്കയുടെ സഹായത്തോടെ ഉടന്‍ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. കിമ്മിന് ശേഷം ഉത്തര കൊറിയയിലെ ഏറ്റവും ശക്തമായ നേതാവായാണ് സഹോദരി കിം യോ ജോങ് അറിയപ്പെടുന്നത്.

മുപ്പത്തഞ്ചുകാരിയായ യോ ജോങാണ് എല്ലാ കാര്യങ്ങളിലും കിമ്മിനെ സഹായിക്കുന്നത്. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന യോ ജോങ് രാജ്യത്തെ സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷന്‍ അംഗം കൂടിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.