അയോധ്യ വിഷയത്തിൽ വിധി വൈകിപ്പിക്കാൻ സമ്മർദ്ദമുണ്ടായി; വെളിപ്പെടുത്തലുമായി മുൻ ജഡ്‍ജി

അയോധ്യ വിഷയത്തിൽ വിധി വൈകിപ്പിക്കാൻ സമ്മർദ്ദമുണ്ടായി; വെളിപ്പെടുത്തലുമായി മുൻ ജഡ്‍ജി

മീററ്റ്∙ അയോധ്യ വിഷയത്തിൽ വിധി പറയുന്നത് വൈകിപ്പിക്കാൻ കനത്ത സമ്മർദ്ദം നേരിട്ടതായി അലഹാബാദ് ഹൈക്കോടതി മുൻ ജഡ്‍ജി ജസ്റ്റിസ് സുധീർ അഗർവാളിന്റെ വെളിപ്പെടുത്തൽ. മീററ്റിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. 

2010 ൽ രാമ ജന്മഭൂമി–ബാബറി മസ്‍ജിദ് തർക്കത്തിൽ വിധി പറഞ്ഞ അലഹാബാദ് ഹൈക്കോടതി ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. 2020ൽ ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്.

‘വിധി പറയാനായതോടെ ഞാൻ ധന്യനായി. അത്രയ്ക്ക് സമ്മർദ്ദമാണ് നേരിട്ടത്. വീട്ടിൽ നിന്നും പുറത്തുനിന്നും കടുത്ത സമ്മർദ്ദം അനുഭവിച്ചു. വിധി പറയാതെ സമയം നീക്കാനായിരുന്നു ആവശ്യം. 2010 സെപ്റ്റംബർ 30 ന് വിധി വന്നില്ലായിരുന്നുവെങ്കിൽ പിന്നീട് 200 വർഷത്തേക്ക് വിധി വരില്ലായിരുന്നു’– സുധീർ അഗർവാൾ പറഞ്ഞു.

2010 സെപ്റ്റംബർ 30നാണ് അലാഹാബാദ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, ഹിന്ദു മഹാസഭ എന്നീ കക്ഷികൾക്കായി തുല്യമായി വീതിച്ചു നൽകാനായിരുന്നു വിധി. ജസ്റ്റിസുമാരായ എസ്.യു.ഖാൻ, സുധീർ അഗർവാൾ, ഡി.വി.ശർമ്മ എന്നിവടങ്ങുന്നതായിരുന്നു ബെഞ്ച്. 

വിധിയിൽ തർക്കം ഉണ്ടാകുകയും പിന്നീട് സുപ്രിം കോടതിയിൽ കേസ് പോകുകയും ചെയ്തു. 2019 ൽ തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഇതിനു പകരം മുസ്‍ലിം വിഭാഗങ്ങൾക്കായി അഞ്ച് ഏക്കർ ഭൂമി നൽകാനും സുപ്രീം കോടതി വിധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.