ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍

ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് മുസ്ലീം വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പലിന് ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.
2020 ബാച്ചിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കത്ത് നല്‍കിയത്ത്. കത്തിനെ പിന്‍തുണച്ച് 2018, 2021, 2022 ബാച്ചിലെ ആറ് മുസ്ലീം വിദ്യാര്‍ത്ഥിനികളുടെ ഒപ്പും ഉണ്ട്.

ഇക്കാര്യം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസ് രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥിനികള്‍ ജൂണ്‍ 26-നാണ് കത്ത് സമര്‍പ്പിച്ചത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണ്.

ആശുപത്രിയുടേയും, ഓപ്പറേഷന്‍ റൂമിലേയും ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മതപരമായ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നത് മുസ്ലീം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.

കത്തിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലീം വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ ഓപ്പറേഷന്‍ തിയേറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലീം സ്ത്രീകള്‍ തല മറയ്ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്‌കര്‍ഷിക്കുന്നത്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വം ഉറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണമെന്നും ഞങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണമെന്നും അപേക്ഷിക്കുന്നു.

എനിക്കൊപ്പം സമാനമായ രീതിയില്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.