വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയിൽ കുടുങ്ങിയ സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി

വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയിൽ കുടുങ്ങിയ സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി


ബാങ്കോക്ക്: ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയിൽ കുടുങ്ങിയ സ്ത്രീയുടെ കാൽ മുറിച്ചു മാറ്റി. തെക്കൻ നഖോൺ സി തമ്മാരത്ത് പ്രവിശ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു തായ് സ്വദേശിനിയായ 57 കാരി. ടെർമിനൽ രണ്ടിലെ നടപ്പാതയിലാണ് സ്ത്രീയുടെ കാൽ കുടുങ്ങിയത്.

ടെർമിനൽ രണ്ടിന്റെ ഗേറ്റ് നാലിനും ഗേറ്റ് അഞ്ചിനും ഇടയിലുള്ള സൗത്ത് കോറിഡോറിൽ വെച്ചാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ പറയുന്നു. വിമാനത്തിൽ കയറാൻ പോകുന്നതിനിടെ സ്യൂട്ട്കേസിൽ തട്ടി നടപ്പാതയിലേക്ക് വീണുവെന്ന് റിപ്പോർട്ടുകൾ. ഇടതു കാൽ ട്രാവലേറ്ററിൻറെ അറ്റത്തുള്ള മെക്കാനിസത്തിലാണ് കുടുങ്ങിയത്. ഉടൻ തന്നെ മറ്റു യാത്രക്കാർ എയർപോർട്ടിലെ മെഡിക്കൽ ജീവനക്കാരെ വിവരം അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നാലെ യാത്രക്കാരിയുടെ ഇടതു കാൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

അപകടത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടപ്പാതയുടെ അറ്റത്തുള്ള ബെൽറ്റിനടിയിൽ കുടുങ്ങിയ സ്ത്രീയുടെ കാലിൻറെ ചിത്രവും കാണാം. നടപ്പാത അവസാനിക്കുന്ന ബെൽറ്റിൻറെ അറ്റത്ത് സാധാരണയായിട്ടുള്ള മഞ്ഞ ചീർപ്പ് പോലുള്ള പ്ലേറ്റുകൾ ഒടിഞ്ഞതായും കാണപ്പെട്ടു. ബെൽറ്റിനടിയിൽ സ്യൂട്ട്കേസ് ചക്രങ്ങൾ കണ്ടെത്തിയെങ്കിലും അവയ്ക്ക് അപകടവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് വിമാനത്താവള അധികൃതരിലൊരാളായ കരുൺ തനകുൽജീരപത് പറഞ്ഞു.

യാത്രക്കാരിയുടെ ചികിത്സാ ചെലവും നഷ്ടപരിഹാരവും അധികൃതർ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതകൾ പരിശോധിച്ച് താൽക്കാലികമായി പ്രവർത്തനരഹിതമാക്കി. എഞ്ചിനീയറിംഗ് ടീം കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.